മാവൂരിൽ ബേക്കറികളിലേക്ക് എത്തിക്കാനായി സൂക്ഷിച്ച 16,900 ചീഞ്ഞ മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി


മാവൂർ: കോഴിക്കോട് മാവൂരിൽ ബേക്കറി പലഹാരങ്ങൾ നിർമ്മിക്കുന്നതിനായി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള ചീഞ്ഞതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി.





 മാവൂരിലെ 'പി.യു എഗ്ഗ് സെന്റർ', 'പുനത്തിൽ എഗ്ഗ് ട്രേഡേഴ്സ്' എന്നീ രണ്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 16,900 ഓളം പൊട്ടിയതും പഴകിയതുമായ മുട്ടകൾ കണ്ടെത്തിയത്.
അറപ്പുളവാക്കുന്ന രീതിയിൽ പുഴുവരിച്ച നിലയിലായിരുന്നു മുട്ടകളിൽ ഭൂരിഭാഗവും. ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ എ.സി ഉൾപ്പെടെയുള്ള പ്രത്യേക സജ്ജീകരണങ്ങളോടെയുള്ള കടമുറികളിലാണ് ഈ മുട്ടകൾ ശേഖരിച്ചുവെച്ചിരുന്നത്. പൊട്ടിയ മുട്ടകൾ തിരിച്ചയക്കാനായി മാറ്റിവെച്ചതാണെന്നാണ് കടയുടമകൾ ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്.
എന്നൽ, ഭക്ഷ്യസുരക്ഷാ ഓഫീസർ നടത്തിയ പതിവ് പരിശോധനയ്ക്കിടെ ഒരു ബേക്കറിയിൽ നിന്ന് പൊട്ടിയ മുട്ടകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബേക്കറികൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ കേടായ മുട്ടകൾ വിതരണം ചെയ്യുന്ന വലിയൊരു ശൃംഖല പ്രവർത്തിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അർദ്ധരാത്രി മുതൽ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ ആറ് മണിയോടെ സ്ഥാപനങ്ങൾ തുറന്ന് പരിശോധന നടത്തുകയായിരുന്നു. മുട്ടയുടെ വിലയിലുണ്ടാകുന്ന വ്യതിയാനം മുതലെടുത്ത് ബേക്കറി പലഹാരങ്ങളുടെ നിർമ്മാണത്തിനായി ഇവ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris