ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ കിഴക്കൻ തീരങ്ങളിൽ ആശങ്ക ശക്തമാകുന്നു. ശക്തിയേറിയ ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചാൽ ഇറാൻ നിർദേശിച്ച ‘അക്‌വാൻ’ എന്ന പേരിലാകും അറിയപ്പെടുക. ആന്ധ്രപ്രദേശ് തീരത്തേക്കാണ് നിലവിൽ കാറ്റിന്റെ സഞ്ചാരമെന്നാണ് പ്രവചനം.
ഞായറാഴ്ച ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽനിന്ന് ഏകദേശം 670 കിലോമീറ്റർ അകലെയായിരുന്നു ന്യൂനമർദത്തിന്റെ സ്ഥാനം. ഇവിടെനിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളിൽ ഇതിനോടകം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നെല്ലൂരിന് സമീപത്തുകൂടി ചുഴലിക്കാറ്റ് കരതൊടാനാണ് നിലവിലെ സാധ്യത. മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ദുരന്തസാധ്യത കണക്കിലെടുത്ത് ആന്ധ്രയിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന പൊലീസിനും അഗ്നിരക്ഷാസേനയ്ക്കും പുറമെ ദേശീയ ദുരന്തനിവാരണ സേനയെയും വിവിധ മേഖലകളിൽ വിന്യസിക്കുന്നുണ്ട്. തീരദേശങ്ങളിൽനിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്

Post a Comment