കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാന വർഷ പരീക്ഷയിൽ കൂട്ടക്കോപ്പിയടി; വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു



കോഴിക്കോട് :ഗവ. മെഡിക്കൽ കോളജിൽ നടന്ന അവസാന വർഷ എംബിബിഎസ് പരീക്ഷയിൽ കൂട്ടക്കോപ്പിയടി നടത്തിയ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. കഴിഞ്ഞ ജൂലൈയിൽ കേരള ആരോഗ്യ സർവകലാശാല നടത്തിയ പരീക്ഷയിലാണ് കൂട്ടക്കോപ്പിയടി നടന്നത്. പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 32 വിദ്യാർഥികളെയും അന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും സർവകലാശാലയുടെ അച്ചടക്ക സമിതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തി.




അന്ന് ഇൻവിജിലേറ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെ സമിതി നേരിട്ട് ശാസിച്ചിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞ 25 വിദ്യാർഥികളുടെ ജനറൽ മെഡിസിൻ പരീക്ഷ സർവകലാശാല അസാധുവാക്കി. അടുത്ത അവസരത്തിൽ വീണ്ടും പരീക്ഷ എഴുതാൻ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇവരുടെ തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. ക്ലിനിക്കൽ പരീക്ഷയുടെ തീയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

കൂടാതെ, പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച ഒരു വിദ്യാർഥിയെ പരീക്ഷകൾ എഴുതുന്നതിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ശിക്ഷാവിധി വന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ ഈ വിവരങ്ങൾ പൊതുസമൂഹത്തിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വർഷങ്ങളായി രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങി ചില അധ്യാപകർ വിദ്യാർഥികൾക്കിടയിൽ അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പ്രവണതകൾ വർദ്ധിക്കാൻ കാരണമെന്ന് അധ്യാപകർക്കിടയിൽത്തന്നെ വ്യാപകമായ ആക്ഷേപമുണ്ട്.

വിദ്യാർഥികൾക്കിടയിൽ അച്ചടക്കം ഉറപ്പാക്കാൻ അധികൃതർ സ്വീകരിച്ച നടപടികൾക്കെതിരെ, വിദ്യാർഥികളുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു വിദ്യാർഥി സംഘടനയുടെ പേരിൽ കുറിപ്പ് പ്രചരിച്ചതോടെയാണ് കൂട്ടക്കോപ്പിയടി വിവരം പുറംലോകമറിഞ്ഞത്. സംസ്ഥാനത്തെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ ഇത്രയധികം വിദ്യാർഥികൾ കോപ്പിയടിക്ക് പിടിക്കപ്പെടുന്നത് ഇതാദ്യമാണ്.



Post a Comment

Previous Post Next Post
Paris
Paris