സിറാജുദ്ധീൻ പന്നികോട്ടൂരിന് സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം.


പൂനൂർ : സംസ്ഥാനത്തെ മികച്ച 
അധ്യാപകനുള്ള പുരസ്‌കാരം പൂനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന്.വിദ്യാഭ്യാസ വകുപ്പ്മന്ത്രി എൻ ശംസുദ്ധീൻ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.





ഒരു സർക്കാർ വിദ്യാലയത്തിന്റെ മികവിനും മുന്നേറ്റത്തിനും വേണ്ടി പ്രവർത്തിക്കുകയും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികളുടെ വിജയത്തിനായി പരിശ്രമിക്കുകയും ചെയ്തതാണ് പരിഗണിക്കപ്പെട്ടത്. സാമ്പത്തികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന മലയോര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 20 വർഷമായി ജീവശാസ്ത്രം അധ്യാപകനായി ജോലി ചെയ്യുന്നു. അതിനുമുമ്പ് എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുവർഷം സേവനം പൂർത്തീകരിച്ചിട്ടുണ്ട്. രണ്ട് വിഷയങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച അധ്യാപകനാണ്. ജീവശാസ്ത്രത്തിനൊപ്പം ഐടി മേഖലയും അദ്ദേഹം മികവോടെ കൈകാര്യം ചെയ്യുന്നു. 

സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൽ അധിക സേവനമായി ഏറ്റെടുത്ത താമരശ്ശേരി വിദ്യാഭ്യാസ ജില്ല ‘ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി’യുടെ കോഡിനേറ്റർ ആയി അഞ്ചുവർഷമായി പ്രവർത്തിക്കുന്നു. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ ധാരാളം പദ്ധതികൾ അതിൽ നടപ്പിൽ വരുത്തുകയും ചെയ്തിട്ടുണ്ട്. അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ സർക്കാർ തിരഞ്ഞെടുക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠന ക്ലാസുകൾ, യാത്രകൾ, സ്ഥാപന സന്ദർശനങ്ങൾ, ഓൺലൈൻ പരിശീലനങ്ങൾ, പ്രോജക്ടുകൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.

സ്വന്തം സ്കൂളിൽ ശാസ്ത്ര മേഖലയിൽ മികച്ച പഠനതന്ത്രങ്ങൾ ആവിഷ്കരിക്കുകയും വിദ്യാർത്ഥികൾക്കായി പ്രൊജക്ടുകൾ, സെമിനാറുകൾ, പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു. മിടുക്കരെ തെരഞ്ഞെടുത്ത് അധിക പരിശീലനം നൽകുന്നതിന് ‘ഗിഫ്റ്റ്’ എന്ന തനത് പദ്ധതിക്ക് നേതൃത്വം നൽകുകയും വൈവിധ്യങ്ങളായ പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്കോളർഷിപ്പ് പരീക്ഷയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ എം എം എസ്) പരീക്ഷയ്ക്ക് പരിശീലന പരിപാടി ആരംഭിക്കുകയും കുറെ പേർക്ക് ആനുകൂല്യം നേടിക്കൊടുക്കുകയും ചെയ്തു.

വിദ്യാർത്ഥികൾക്ക് ശാസ്ത്ര രചനയിൽ പരിശീലനം നൽകുന്നതിനായി ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കി വരുന്നു. ശാസ്ത്ര മേഖലയിലും അല്ലാതെയും ഉള്ള അവരുടെ രചനകൾ വിവിധ പത്രങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു. കഴിഞ്ഞ 20 വർഷമായി സ്കൂളിന്റെ പി ആർ ഒ എന്ന നിലയിൽ സ്കൂളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പത്രങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സമൂഹത്തെ സ്കൂളുമായി അടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 20 വർഷം മുമ്പ് 18 ഡിവിഷനുകൾ മാത്രം ഉണ്ടായിരുന്ന സ്കൂൾ 33 ഡിവിഷനുകൾ ഉള്ള വലിയ സ്കൂൾ ആയി വളരുന്നതിന് ഇത് കാരണമായി.  

കഴിഞ്ഞ 20 വർഷമായി ജില്ലാ റിസോഴ്സ് അംഗമായും സംസ്ഥാന റിസോഴ്സ് അംഗമായും പ്രവർത്തിച്ച് അധ്യാപകർക്ക് പരിശീലനം നൽകി വരുന്നു. എസ് ഇ ആർ ടി യുടെ ഭാഗമായി പാഠപുസ്തക രചനയിൽ പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത്, ഡയറ്റ്, എസ് എസ് കെ തുടങ്ങിയ വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള പഠന മോഡ്യൂളുകൾ തയ്യാറാക്കുന്നതിൽ പ്രവർത്തിച്ചുവരുന്നു. സ്വന്തം സ്കൂളിലെ വിദ്യാർഥികൾക്ക് ശാസ്ത്ര പ്രോജക്ടുകൾ, സെമിനാറുകൾ പ്രബന്ധരചന എന്നിവയിൽ പരിശീലനം നൽകുന്നതിനായി പ്രവർത്തിക്കുന്നു. അതിന്റെ ഭാഗമായി ശാസ്ത്രോത്സവത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ശാസ്ത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. 

സംസ്ഥാനത്തിനകത്തും പുറത്തും ധാരാളം അധ്യാപക പരിശീലനത്തിൽ പങ്കാളിയാവുകയും സ്കൂളിന് സഹ അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. രക്ഷിതാക്കൾക്കുള്ള ക്ലാസുകളും സംഘടിപ്പിക്കുന്നതിനും ക്ലാസ് എടുക്കുന്നതിനും മികവ് തെളിയിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പരിപാടികൾ സ്കൂളിൽ ധാരാളമായി സംഘടിപ്പിച്ചിട്ടുണ്ട്. 

പരിസ്ഥിതി, കൃഷി മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിന് ക്ലബ്ബ് രൂപീകരിക്കുകയും വിവിധ പരിപാടികളും സെമിനാറുകളും കാർഷിക പ്രവർത്തനങ്ങളും വനയാത്രകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുന്നു.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കൃഷി, ശാസ്ത്രം എന്നീ മേഖലകളിൽ എഴുതുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും അനുമതി നേടിയ അധ്യാപകനാണ്. വിവിധ ആനുകാലികങ്ങളിലായി നൂറിൽപരം കാർഷിക ലേഖനങ്ങളും 200ഓളം ശാസ്ത്ര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിൽ ഒട്ടേറെ ശാസ്ത്ര പ്രഭാഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ധാരാളം സ്കൂളുകളിൽ വിവിധ പരിപാടികളുടെ ഭാഗമായി ശാസ്ത്രം, കൃഷി, പരിസ്ഥിതി മേഖലകളിൽ ക്ലാസ് നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ശാസ്ത്രോത്സവം, ഐടി മേള, സ്കൂൾ കലോൽസവം എന്നിവയുടെ ബാലുശ്ശേരി ഉപജില്ല കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്.

ജന്മ നാടായ പന്നിക്കോട്ടൂരിന്റെ മുന്നേറ്റത്തിന് വേണ്ടിയുള്ള ധാരാളം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പന്നിക്കോട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ പിടിഎ പ്രസിഡണ്ട് ആയും എസ് എം സി ചെയർമാനായും നീണ്ട 12 വർഷക്കാലം പ്രവർത്തിച്ച് അൺഎക്കണോമിക് ആയിരുന്ന സ്ഥാപനത്തെ വളർത്തിയെടുത്തു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ‘സക്സസ്’ എന്ന വിദ്യാഭ്യാസ മുന്നേറ്റ പരിപാടിയിലൂടെ നാട്ടിലെ വിദ്യാർഥികൾക്ക് പഠനമേഖലയിലും തൊഴിൽ മേഖലയിലും താൽപര്യം ജനിപ്പിക്കുകയും മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്കായി യാത്രകൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു. 

സ്കൂളിലെ മികവുറ്റ പ്രവർത്തനത്തിന് അംഗീകാരമായി മാതൃഭൂമി സീഡ് പദ്ധതി ‘ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ’ പുരസ്കാരം നൽകിയിട്ടുണ്ട്. അധ്യാപകന്റെ പ്രവർത്തനഫലമായി സ്കൂളിന് രണ്ടുതവണ ഹരിത വിദ്യാലയം പുരസ്കാരവും വിദ്യാർത്ഥികൾക്ക് ജെം ഓഫ് സീഡ്, സീഡ് റിപ്പോർട്ടർ പുരസ്കാരങ്ങളും നേടാൻ കഴിഞ്ഞു.

കോഴിക്കോട് ജില്ലയിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂരിൽ കുണ്ടത്തിൽ മരക്കാർ ഹാജിയുടെയും, തോടമ്മാക്കിൽ കുടുംബാംഗമായ മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സജ്ന മംഗലത്ത് (അധ്യാപിക, ഗവൺമെന്റ് മാപ്പിള യു പി സ്കൂൾ എളേറ്റിൽ). മക്കൾ: ഫാത്തിമ നൗറിൻ പി ടി, സ്വാബിർ അലി പി ടി.

Post a Comment

Previous Post Next Post
Paris
Paris