ന്യൂഡൽഹി: ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് എയർ ഇന്ത്യ പൈലറ്റുമാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിലെ പൈലറ്റുമാർക്ക് ഈ പരിശോധന നിർബന്ധമാണ്. ഇക്കാര്യം അറിയിച്ച് ജീവനക്കാർക്ക് എയർ ഇന്ത്യ മെയിൽ അയച്ചു.
ഗുരുഗ്രാം അക്കാദമിയിലെ പരിശീലന വേളയിലും വിമാന സർവീസിന് ശേഷമുള്ള ബ്രീഫിങ് സെന്ററുകളിലും ഓഫിസുകളിലും വച്ചായിരിക്കും ഈ പരിശോധന നടത്തുകയെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ വിശ്വാസം നിലനിർത്താനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുമാണ് നടപടിയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ഈ മാസം നാലിന് ഒഡീഷയ്ക്കു സമീപത്തുവച്ചു വിമാനം പൊടുന്നനെ 300 അടി താഴ്ന്ന് 20 യാത്രക്കാർക്കും 4 കാബിൻ ക്രൂ അംഗങ്ങൾക്കും പരുക്കേറ്റിരുന്നു. വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ക്യാപ്റ്റന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവ് എന്നാണ് സൂചന. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രാഥമിക പരിശോധനാ ഫലത്തിലും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

Post a Comment