കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കെ.എം ബഷീറിന്റെ ഭാര്യ സി.ജസീല സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഒരാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹരജി നൽകിയത്.
കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താൽപ്പര്യപ്രകാരമാണെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടുന്നു. വിചാരണ നീതിപൂർവം നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും നേരത്തെ കേസ് പരിഗണിച്ച സെെഷൻസ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. കേസിൽ ആറ് വർഷത്തിന് ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. അപകടം ഉണ്ടാക്കിയ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനായിരുന്നു എന്നാണ് ആരോപണം. 2019 ആഗസ്റ്റ് മൂന്നിനാണ് പുലർച്ചെ ശ്രീറാം വെങ്കട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം ബഷീർ മരിച്ചത്. കേസിലെ ഏക പ്രതിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമൻ. ജോലി കഴിഞ്ഞ് മടങ്ങിയ കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.

Post a Comment