കാലവർഷക്കെടുതി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ



കുറ്റിക്കാട്ടൂർ: കനത്ത മഴയെത്തുടർന്ന് ദുരിതമനുഭവിക്കുന്ന വെള്ളിപ്പറമ്പ്, കുറ്റിക്കാട്ടൂർ, പാറക്കോട്ടുതാഴം പ്രദേശങ്ങളിൽ കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ സന്ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ ശക്തമായ കാറ്റിലും മഴയിലും പൂർണ്ണമായും തകർന്ന കുറ്റിക്കാട്ടൂരിലെ ശ്രീജ പാലാട്ട് മേത്തലിന്റെ വീടും അദ്ദേഹം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ശ്രീജയുടെ വീടിന്റെ മേൽക്കൂര വലിയ ശബ്ദത്തോടെ നിലംപതിച്ചത്. ഈ സമയം ശ്രീജയും രണ്ട് മക്കളും ഒരു പേരക്കുട്ടിയും വീടിനകത്ത് ഉറങ്ങുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.




മൂന്ന് വർഷം മുൻപ് ശ്രീജയുടെ ഭർത്താവ് ചന്ദ്രൻ പാലാട്ട് മേത്തൽ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറുന്നതിനിടെയാണ് വീട് തകർന്നത് ഈ കുടുംബത്തിന് വീണ്ടും തിരിച്ചടിയായത്. എം.എൽ.എ കുടുംബത്തെ ആശ്വസിപ്പിക്കുകയും ദുരിതബാധിത പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
കൂടാതെ വെള്ളി പറമ്പിലെ ഭാഗികമായി തകർന്ന കൂയ്യാൽകാട്ടിൽ നൗഷാദിന്റെ വീടും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 

എം.എൽ.എയോടൊപ്പം കെ. മൂസ്സ മൗലവി, പതിനാറാം വാർഡ് മെമ്പർ കെ.ടി. സാജിത, പെരുമണ്ണ പഞ്ചായത്ത്‌ മൂന്നാം വാർഡ് മെമ്പർ നിസാർ അബ്ദുള്ളതുടങ്ങി നിരവധി പ്രവർത്തകരും ജനപ്രതിനിധികളും സന്ദർശനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris