തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു.
പത്രം, എസ്‌എംഎസ്, ടെലിവിഷന്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ വൈദ്യുതി നിയന്ത്രണ വിവരം പൊതുജനങ്ങളെ അറിയിക്കണമെന്നും അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോള്‍ രൂപീകരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഈ വര്‍ഷം സെപ്റ്റംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം മറികടക്കുന്നതിനായി ഹ്രസ്വകാല വിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്‌ഇബിയുടെ കരാറുകള്‍ക്കും കമ്മീഷന്‍ അംഗീകാരം നല്‍കി. 30.832 കോടി യൂണിറ്റ് വൈദ്യുതി യൂണിറ്റിന് 9.16 രൂപ നിരക്കില്‍ വാങ്ങുന്നതിനാണ് അനുമതി. ഇത് ഈ വര്‍ഷം വൈദ്യുതി വാങ്ങാന്‍ മുന്‍പ് അനുവദിച്ച നിരക്കിന്റെ ഇരട്ടിയോളം വരുന്നതാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ കരാറിലൂടെ കെഎസ്‌ഇബിക്ക് ഏകദേശം 282.5 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും, അതിന്റെ ഭാരം ആത്യന്തികമായി വൈദ്യുതി ഉപഭോക്താക്കള്‍ക്കായിരിക്കുമെന്നും റെഗുലേറ്ററി കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment