എല്‍പിജിക്കും പെട്രോളിനും വില വര്‍ദ്ധിക്കാന്‍ സാദ്ധ്യത; നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും



ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ച് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കത്തിക്കയറുന്നു. ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതും പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപിച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്നലെ ഹോര്‍മുസ് ഇടനാഴിയിലെ പുതിയ സുരക്ഷാ പ്രതിസന്ധി ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്കയേറി




ഇതോടെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ശതമാനം വര്‍ദ്ധിച്ച് 86 ഡോളറിന് മുകളിലെത്തി. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ്(ഡബ്ള്യു.ടി) ക്രൂഡ് വില 80 ഡോളര്‍ കടന്നു. ഒരു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപഭോഗത്തില്‍ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്.
പശ്ചിമേഷ്യ സംഘര്‍ഷം നീണ്ടാല്‍ ഹോര്‍മൂസിലൂടെയുള്ള വെസലുകളുടെ സഞ്ചാരം ഗണ്യമായി കുറയുമെന്നതിനാല്‍ വില 95 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്ന് യൂറേഷ്യ ഗ്രൂപ്പിലെ അനലിസ്റ്റുകള്‍ പറയുന്നു.
എല്‍.പി.ജി നിയന്ത്രണത്തിന് സാദ്ധ്യത
ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം വീണ്ടും തടസപ്പെട്ടാല്‍ ഇന്ത്യയില്‍ പാചക വാതക വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രാജ്യത്തെ മൊത്തം എല്‍.പി.ജി ഇറക്കുമതിയുടെ 80 ശതമാനവും ഹോര്‍മുസിലൂടെയാണ് എത്തുന്നത്. മറ്റ് വിപണികളില്‍ നിന്ന് വാങ്ങിയാലും ചെലവ് കൂടുതലാണെന്ന് കമ്പനികള്‍ പറയുന്നു.
വിലക്കയറ്റം രൂക്ഷമാകും
ഇന്ധന പ്രതിസന്ധി ചരക്കു ഗതാഗത ചെലവ് ഉയര്‍ത്തുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ, ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും. ജൂണില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 4.38 ശതമാനമായി ഉയര്‍ന്നിരുന്നു. ഇന്ധന വിലയിലെ വര്‍ദ്ധന കാര്‍ഷിക മേഖലയില്‍ ഉത്പാദന ചെലവ് ഉയര്‍ത്തുന്നതും വെല്ലുവിളിയാണ്.
ചരക്ക് നീക്കത്തിന് ചെലവേറും
ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം റീഇമ്പേഴ്സ്മെന്റ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കം പ്രാബല്യത്തിലായാല്‍ ചരക്കുനീക്ക ചെലവ് ഗണ്യമായി കൂടും. പൂര്‍ണമായും നിറച്ച സൂപ്പര്‍ടാങ്കറുകള്‍ക്ക് മൂന്ന് കോടി ഡോളറിന്റെ അധിക ബാദ്ധ്യതയാണ് ഈ നീക്കം സൃഷ്ടിക്കുന്നത്.
വെല്ലുവിളി
പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയേക്കുംനാണയപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമാകുംരൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമാകുംഓഹരി വിപണിയില്‍ ചാഞ്ചാട്ടമേറുംഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം
കൊച്ചി:എണ്ണവിലയിലെ കുതിപ്പ് നാണയപ്പെരുപ്പ ഭീഷണി രൂക്ഷമാക്കുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ ഓഹരി വിപണി കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലായി. ബോബെ ഓഹരി സൂചികയായ സെന്‍സെക്സ് 561.46 പോയിന്റ് ഇടിഞ്ഞ് 77,054.94ല്‍ അവസാനിച്ചു. നിഫ്റ്റി 158.95 പോയിന്റ് നഷ്ടത്തില്‍ 24,052.05ല്‍ എത്തി. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം റീഇമ്പേഴ്സ്മെന്റ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കമാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ഇതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും തിരിച്ചടിയായി.ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും കനത്ത ഇടിവുണ്ടായി.
രൂപയുടെ മൂല്യത്തില്‍ ഇടിവ്
യുദ്ധം ശക്തമായതോടെ നിക്ഷേപകര്‍ സുരക്ഷിത മേഖലയായ യു.എസ് ബോണ്ടുകളിലും ഡോളറിലും സജീവമായതോടെ രൂപയുടെ മൂല്യത്തിലും കനത്ത തകര്‍ച്ചയുണ്ടായി. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 62 പൈസ കുറഞ്ഞ് 96.30ല്‍ അവസാനിച്ചു.


Post a Comment

Previous Post Next Post
Paris
Paris