കേരളത്തിൽ നേതൃമാറ്റത്തിനുള്ള സാധ്യത തള്ളാതെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. തിരഞ്ഞെടുപ്പ് തിരിച്ചടിയിലെ തിരുത്തൽ നടപടികൾ സെപ്തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതി തീരുമാനിക്കും. കേരളത്തിൽ സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു. പാർട്ടി നയം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ജാഗ്രതക്കുറവ് സംഭവിച്ചു എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
ജാഗ്രത കുറവ് സംഭവിച്ചു. ജയം ഉറപ്പിച്ചുള്ള രീതിയിലെ പ്രചാരണവും സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും വിനയായി. പാർട്ടി എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താൻ കഴിയാത്തതാണ് തോൽവിയുടെ മുഖ്യ കാരണമായി സിപിഐഎം കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്. പാർട്ടിയുടെ വീഴ്ചയിൽ എല്ലാവരും സ്വയം വിമർശനം നടത്തണമെന്നും അദ്ദേഹം പറയുന്നു. പാർട്ടിയിലെ നേതാക്കളുടെ ധാർഷ്ട്യം മാറ്റിവയ്ക്കണമെന്നതും കേന്ദ്രകമ്മിറ്റി അംഗീകരിച്ച കാര്യമാണെന്നും എം എ ബേബി വ്യക്തമാക്കി.
സെപ്തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതിയാണ് തിരുത്തൽ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത്. നേതൃമാറ്റം വേണമോ എന്ന കാര്യവും അവിടെ ചർച്ചയാകും. വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ അടിമുടി ദുരൂഹതയുണ്ടെന്ന് എം എ ബേബി പറയുന്നു. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

Post a Comment