കാസർകോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡന്റും ദക്ഷിണ കന്നഡ (മംഗളൂരു), ഉഡുപ്പി ജില്ലകളിലെയും കാസർകോട് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയുമായ തളങ്കര ഖാസിലൈൻ ഖാസിയാരകം വീട്ടിൽ ത്വാഖ അഹമ്മദ് അൽ അസ്ഹരി (78) അന്തരിച്ചു. വാർധക്യകാല അസുഖത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ ദക്ഷിണ കന്നഡ ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് കൂടിയാണ്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസർകോട് കീഴൂർ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂർ എന്നിവിടങ്ങളിലെ ഇരുന്നൂരിൽപരം മഹല്ലുകളുടെ ഖാസിയാണ്. 1948 ഏപ്രിൽ എട്ടിന് ഖാസിയാർ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായാണ് ജനനം. ഉത്തർപ്രദേശിലെ ദാറുൽ ഉലൂം ദയൂബന്തിൽ നിന്ന് ഹദീസിലും അദബിലും മാഖൂലാത്തിലും തഹ്സീറിലും മതബിരുദങ്ങൾ നേടിയിട്ടുണ്ട്. തളങ്കര മുസ് ലിം ഹൈസ്കൂൾ വിദ്യാർഥിയായിരുന്നു. ഈജിപ്‌തിലെ കെയ്റോ അൽ അസ്‌ഹർ സർവകലാശാലയിൽ നിന്ന് ഉസൂലുൽ ഫിഖ്ഹിൽ മാജിസ്റ്റർ (ആലിമിയ്യ) ബിരുദവും നേടി. കാസർകോട് റൗളത്തുൽ ഉലൂം മദ്റസ, പൊന്നാനി മഊനത്ത് അറബിക് കോളജ്, അഴീക്കോട് ഇർഷാദ് എന്നിവിടങ്ങളിലും മതപഠന വിദ്യാർഥിയായിരുന്നു.
മംഗളൂരു ബന്തർ ജലാലുദീൻ മുഹമ്മദ് മൗല ഹിഫഌൽ ഖുർആൻ കോളജ് പ്രിൻസിപ്പൽ, ദക്ഷിണ കന്നഡ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു.
1975 മുതൽ 1977 വരെ കോട്ടയം തിരുനക്കര ശാഫി ജുമാമസ്‌ജിദ്, ജാമിഅ ശൈഖതുസൽമ ത്വാഖ സലാല മസ്‌ജിദ് ഇമാം ഖത്തീബ്, 1978 മുതൽ 2009 വരെ ചട്ടഞ്ചാൽ മലബാർ ഇസ് ലാമിക് കോംപ്ലക്‌സ്, ജലാലുദീൻ മൗല ഹിഫഌ കോളജ്, ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിലും ഉർദുവിലും പുസ്തകങ്ങൾ രചിട്ടുണ്ട്.

Post a Comment