കെ എം ബഷീർ മാധ്യമ പുരസ്‌കാരം മുഹമ്മദ് അനീസിന്




കോഴിക്കോട്: മർകസ് പൂർവ വിദ്യാർഥിയും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബഷീറിന്റെ സ്മരണാർഥം മർകസ് അലുംനി ഏർപ്പെടുത്തിയ 2026-ലെ മാധ്യമ പുരസ്‌കാരത്തിന് പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് അനീസ് അർഹനായി. മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോർഡിനേറ്റിങ് എഡിറ്ററാണ് അദ്ദേഹം.


അന്താരാഷ്ട്ര രാഷ്ട്രീയ വിശകലനങ്ങളിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ ഏറെ ശ്രദ്ധേയനായ മുഹമ്മദ് അനീസ്, സങ്കീർണമായ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ ലളിതവും വസ്തുനിഷ്ഠവുമായി അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തുന്ന വ്യക്തിയാണ്. 2012-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക സന്ദർശിച്ച മാധ്യമ സംഘത്തിലും മലേഷ്യയിൽ നടന്ന യുഎൻ മതസൗഹാർദ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ്, സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കൽ, എസ് ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 20,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 14-ന് ഞായറാഴ്ച മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അലുംനി ഡെലിഗേറ്റസ് കോൺക്ലൈവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അവാർഡ് സമ്മാനിക്കും. കൃഷിമന്ത്രി അഡ്വ. ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ടി കാസിം എംഎൽഎ, കെ സി ജോർജ്, ഉബൈദുല്ല സഖാഫി തുടങ്ങിയവർ സംബന്ധിക്കും.

കോഴിക്കോട് കൊടുവള്ളി കത്തറമ്മൽ പരേതനായ പി കെ അബൂബക്കർ ഹാജിയുടെയും സഫിയയുടെയും മകനാണ് മുഹമ്മദ് അനീസ്. ഭാര്യ: എളേറ്റിൽവട്ടോളി കിളച്ചപറമ്പിൽ ജുമാന. മക്കൾ: അമൻ അഹ്മദ്, നേഹ അനീസ്.

Post a Comment

Previous Post Next Post
Paris
Paris