സിസിടിവി ക്യാമറ വിവാദം: ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമെന്ന് മാവൂർ പഞ്ചായത്ത് പ്രസിഡന്റ്



മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ സെർവർ റൂമിൽ ഒളികാമറ സ്ഥാപിച്ചു എന്ന രീതിയിൽ ഉയർന്നുവന്ന വിവാദങ്ങളും ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് സി. വാർത്താക്കുറിപ്പിൽ അറിയിച്ചു. പഞ്ചായത്ത് ഓഫീസിൽ ഒളികാമറ വെച്ചുവെന്ന സി.പി.ഐ.എം ആരോപണങ്ങൾക്ക് മറുപടിയായാണ് പഞ്ചായത്ത് അധികൃതർ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.




പഞ്ചായത്തിന്റെ നിർണായക വിവരസാങ്കേതിക സംവിധാനങ്ങൾ, സെർവർ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, ഔദ്യോഗിക ഡാറ്റാ സംഭരണ സംവിധാനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന സെർവർ റൂമിന്റെ സുരക്ഷ മുൻനിർത്തിയാണ് ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 2023 മധ്യത്തിൽ അന്നത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേരിട്ടുള്ള നിർദ്ദേശാനുസരണമാണ് ഈ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയത്.
മറ്റു ജീവനക്കാർക്കോ പൊതുജനങ്ങൾക്കോ പ്രവേശിക്കേണ്ടതില്ലാത്ത സെർവർ റൂമിൻ്റെ ഉൾഭാഗത്തെ ദൃശ്യങ്ങൾ മാത്രം ലഭിക്കുന്ന രീതിയിലാണ് സിസിടിവി ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ദുരൂഹമായി ഒന്നുമില്ലെന്നും സുരക്ഷാ ആവശ്യങ്ങൾക്ക് മാത്രമാണ് ഇതെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഇതൊരു ഒളിക്യാമറയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശുദ്ധ അസംബന്ധമാണ്. പൂർണ്ണമായും സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാധാരണ സിസിടിവി ക്യാമറയാണ് അവിടെയുള്ളത്. 

വസ്തുതകൾ ഇതായിരിക്കെ കള്ളപ്രചാരണം നടത്തി പൊതുജനങ്ങൾക്കുമിടയിൽ തെറ്റിദ്ധാരണ പരത്താനും, വർഷങ്ങളായി മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരനെ വ്യക്തിഹത്യ ചെയ്യാനും, പഞ്ചായത്ത് ഭരണസമിതിയെയും അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഉന്നയിക്കുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്നും പ്രസിഡണ്ട് വ്യക്തമാക്കി. 

മികച്ച രീതിയിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഭരണസമിതിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.



Post a Comment

Previous Post Next Post
Paris
Paris