പുഴയിലൊഴുകി ഫുട്ബോൾ ആവേശം; കട്ടൗട്ട് പോരിന് പിന്നാലെ പുള്ളാവൂരിൽ 'ഫ്ലോട്ടിങ് സ്റ്റേഡിയവുമായി' അർജന്റീന ഫാൻസ്!



കട്ടാങ്ങൽ : ലോകകപ്പ് ഫുട്ബോൾ ആവേശം കൊടുമുടി കയറുമ്പോൾ, പതിവുപോലെ കേരളക്കരയിൽ നിന്നും വിസ്മയക്കാഴ്ചകളുമായി പുള്ളാവൂർ പുഴ വീണ്ടും വാർത്തകളിൽ നിറയുന്നു. കഴിഞ്ഞ ലോകകപ്പ് കാലത്ത് മെസ്സി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ പുഴയിൽ സ്ഥാപിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ശ്രദ്ധനേടിയ കെട്ടാങ്ങൽ പുള്ളാവൂരിൽ, ഇത്തവണ പോരാട്ടം അതിലും കനക്കുകയാണ്.


കഴിഞ്ഞ തവണ അർജന്റീന ഫാൻസ് ആയിരുന്നു മെസ്സിയുടെ കട്ടൗട്ടുമായി പുഴയിൽ ആദ്യമെത്തിയതെങ്കിൽ, 2026 ലോകകപ്പിന്റെ വരവറിയിച്ച് ഇത്തവണ ബ്രസീൽ ആരാധകരാണ് ആദ്യം കളംപിടിച്ചത്. കാനറപ്പടയുടെ സുൽത്താൻ നെയ്മർ ജൂനിയറിന്റെ കൂറ്റൻ കട്ടൗട്ട് പുഴയിൽ ഉയർത്തിക്കൊണ്ട് ബ്രസീൽ ഫാൻസ് പുള്ളാവൂരിൽ ആവേശത്തിന്റെ ആദ്യ വെടിപൊട്ടിച്ചു.

എന്നാൽ ബ്രസീലിന്റെ കട്ടൗട്ട് വെല്ലുവിളിക്ക് കാൽപ്പന്ത് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു മാസ് മറുപടിയാണ് അർജന്റീന ആരാധകർ ഇന്ന് നൽകിയിരിക്കുന്നത്. നെയ്മറുടെ കൂറ്റൻ കട്ടൗട്ടിന് തൊട്ടടുത്തായി പുഴയിൽ ഒഴുകിനടക്കുന്ന ഒരു 'ഫ്ലോട്ടിങ് ഗ്രൗണ്ട്' നിർമിച്ചാണ് അർജന്റീന ഫാൻസ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത് .
ഒരു മിനി സ്റ്റേഡിയത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ ഒഴുകുന്ന ഗ്രൗണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 അർജന്റീന ദേശീയ ടീമിലെ മുഴുവൻ കളിക്കാരുടെയും കട്ടൗട്ടുകൾ അണിനിരത്തിയിരിക്കുന്ന ഈ ഫ്ലോട്ടിങ് വേദിയിൽ ചെറിയൊരു സ്ക്രീനും സജ്ജീകരിച്ചിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഇത്തരമൊരു ഫാൻസ് ആവേശം ആദ്യമായാവും.
ആവേശക്കടലായി പുള്ളാവൂർ പുഴ
കഴിഞ്ഞ തവണ മെസ്സിയുടെ കട്ടൗട്ടിന് പിന്നാലെ നെയ്മറും, തൊട്ടുപിന്നാലെ പോർച്ചുഗൽ ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും ഉയർത്തിയതോടെ പുള്ളാവൂർ പുഴ ലോകമെമ്പടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രധാന ചർച്ചാവിഷയമായിരുന്നു.

 ഇത്തവണ കട്ടൗട്ട് യുദ്ധത്തിനും അപ്പുറം, പുഴയിലെ ഈ ഫ്ലോട്ടിങ് സ്റ്റേഡിയം കൂടി എത്തിയതോടെ പുള്ളാവൂരിലേക്ക് ഇനിയുള്ള ദിവസങ്ങളിൽ ഫുട്ബോൾ പ്രേമികളുടെ വൻ ഒഴുക്കുണ്ടാകുമെന്നുറപ്പാണ്. ബ്രസീൽ-അർജന്റീന ആരാധകരുടെ ഈ ആരോഗ്യകരമായ മത്സരം സോഷ്യൽ മീഡിയയിലും ഇതിനകം തരംഗമായിക്കഴിഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris