ഓപ്പൺ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം



തിരുവനന്തപുരം: വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ നേരിട്ട് വെയിലേൽക്കുന്നവർക്ക് മാത്രമല്ല, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. അൾട്രാ വയലറ്റ് രശ്മികൾ ക്രമാതീതമായി വർധിക്കുന്ന പകൽ സമയങ്ങളിൽ റോഡിലിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.


ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, പിക്കപ്പ് വാനുകൾ തുടങ്ങിയ വശങ്ങൾ തുറന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് അപകടസാധ്യത കൂടുതൽ. ചൂടിന്റെ ആഘാതം ഇത്തരം വാഹനങ്ങളിലുള്ളവരിലേക്ക് നേരിട്ട് എത്തുന്നതാണ് ഇതിന് കാരണം. അതിനാൽ അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ രാവിലെ 11.30 മുതൽ വൈകിട്ട് 3.30 വരെയുള്ള സമയത്ത് യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ഡി.എം.ഒ.

സൂര്യാഘാതമേറ്റ് ആരെങ്കിലും തളർന്നുവീഴുന്നത് കണ്ടാൽ ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകാൻ ശ്രദ്ധിക്കണം. ഇത്തരക്കാരുടെ ശരീരതാപനില അതിവേഗം വർധിക്കുന്നതിനാൽ ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തേണ്ടത്. രോഗിയുടെ ശരീരത്തിലേക്ക് പച്ചവെള്ളം ഒഴിക്കുകയോ, ഹോസ് ഉപയോഗിച്ച് നനയ്ക്കുകയോ ചെയ്യാം. വെള്ളം നനച്ച തുണി ഉപയോഗിച്ച് ശരീരം മുഴുവൻ തുടയ്ക്കുന്നതും ഫലപ്രദമാണ്.

കഴുത്തിലും കക്ഷത്തിലും മറ്റും ഐസ് പാക്കുകൾ വെക്കുന്നത് ശരീരതാപനില കുറയ്ക്കാൻ സഹായിക്കും. പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിനൊപ്പം തന്നെ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post
Paris
Paris