ജിദ്ദ: ഹജ്ജ് സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീർഥാടകർക്കായി അതിവിപുലമായ ഗതാഗത സജ്ജീകരണങ്ങള്‍ പൂർത്തിയായതായി സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു.
വിമാനം, ട്രെയിൻ, ബസ്, കപ്പല്‍ തുടങ്ങി എല്ലാ മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സംയോജിത പദ്ധതിയാണ് ഇത്തവണ നടപ്പിലാക്കുന്നത്.
12,000 ത്തിലധികം ഷെഡ്യൂള്‍ഡ്, ചാർട്ടർ വിമാനങ്ങളിലായി 31 ലക്ഷം സീറ്റുകള്‍ ഹജ്ജ് തീർഥാടകർക്കായി നീക്കിവെച്ചു. ആറ് പ്രധാന വിമാനത്താവളങ്ങള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് 2,000 ത്തിലധികം ട്രയിൻ സർവീസുകളുണ്ടാകും. 20 ലക്ഷത്തിലധികം പേർക്ക് ഇത് പ്രയോജനപ്പെടും. മക്ക, മദീന, ജിദ്ദ വിമാനത്താവളം എന്നിവയെ ബന്ധിപ്പിച്ച് 5,300 സർവീസുകളുണ്ട്. 22 ലക്ഷം സീറ്റുകളാണ് ഇതില്‍ ലഭ്യമാകുക.
33,000 അത്യാധുനിക ബസുകളും 5,000 ടാക്സികളും സർവീസിനായി നിരത്തിലിറക്കും. തീർഥാടകർക്ക് അവരുടെ താമസസ്ഥലത്തുനിന്ന് തന്നെ ലഗേജുകള്‍ നേരിട്ട് വിമാനത്താവളത്തിലേക്ക് അയക്കാനുള്ള സൗകര്യമുണ്ടാകും. തീർഥാടകർക്ക് സംസം വെള്ളം മുൻകൂട്ടി ബുക്ക് ചെയ്യാനും എളുപ്പത്തില്‍ കൈപ്പറ്റാനുമുള്ള സൗകര്യം വിപുലീകരിച്ചു.
Post a Comment