മാവൂർ : മാവൂരിൽ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിൽ എം.എൽ.എ പി.ടി.എ. റഹീം ഗുരുതരമായ വീഴ്ച വരുത്തിയെന്നും പഞ്ചായത്തിലെ വികസന പദ്ധതികൾ അട്ടിമറിക്കുകയാണെന്നും യു.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2017-ൽ അനുവദിച്ച ഫയർ സ്റ്റേഷൻ പ്രവർത്തനസജ്ജമാകാൻ ഒൻപത് വർഷമെടുത്തത് എം.എൽ.എയുടെ ജാഗ്രതക്കുറവ് മൂലമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വിജ്ഞാപനത്തിൽ 'മാവൂർ' എന്നതിന് പകരം 'ഏലൂർ' എന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്താൻ പോലും ആറ് വർഷമെടുത്തത് ജനങ്ങളോടുള്ള അവഗണനയാണെന്നും യു.ഡി.എഫ് ആരോപിച്ചു.
കുന്നമംഗലം മണ്ഡലത്തെ 15 വർഷമായി പ്രതിനിധീകരിക്കുന്ന എം.എൽ.എയുടെ നിഷ്ക്രിയത്വം മൂലം നിരവധി പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ, അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവയ്ക്ക് സ്ഥലമുണ്ടായിട്ടും പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹം താല്പര്യം കാണിക്കുന്നില്ല. നാട്ടുകാരുടെ ദീർഘകാല ആവശ്യമായ കുറ്റിക്കടവ് പാലത്തെ അവഗണിച്ച് സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനായി മുഴാപാലത്ത് മൂന്ന് കോടി രൂപ ചെലവിൽ മറ്റൊരു പാലം നിർമ്മിക്കുകയായിരുന്നെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.
ചെറൂപ്പ ആശുപത്രിയുടെ പ്രവർത്തന സമയം വർധിപ്പിക്കുന്ന കാര്യത്തിലും മാവൂർ-കോഴിക്കോട് റോഡ് വീതി കൂട്ടി നവീകരിക്കാൻ ഉള്ള ആവശ്യവും പരിഗണിച്ചില്ല. ഇപ്പോൾ അനുവദിച്ച കേന്ദ്ര ഫണ്ട് എംകെ രാഘവൻ എംപിയുടെ ശ്രമഫലമാണെന്നും യുഡിഎഫ് ആരോപിച്ചു . ഗ്രാസിം ഭൂമിയിലെ വ്യവസായ സംരംഭങ്ങൾ, സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തം കെട്ടിടം തുടങ്ങിയ വിഷയങ്ങളിലും എം.എൽ.എ നിസ്സംഗത തുടരുകയാണ്. തന്റെ വീഴ്ചകൾ മറച്ചുവെക്കാൻ എം.എ.ൽ.എ നുണപ്രചാരണങ്ങൾ നടത്തുകയാണെന്നും യു.ഡി.എഫ് അറിയിച്ചു. മാവൂരിൽ നടന്ന പത്ര സമ്മേളനത്തിൽ വിഎസ് രഞ്ജിത്ത്, വളപ്പിൽ റസാക്ക്, ഇസ്മായിൽ മാസ്റ്റർ, എൻ പി അഹമ്മദ്, അപ്പുക്കുഞ്ഞൻ, കെ.ഉസ്മാൻ എന്നിവർ പങ്കെടുത്തു
Post a Comment