സർവ്വ മേഖലയെയും ചേർത്ത് നിർത്തി ചാത്തമംഗലം പഞ്ചായത്ത് ബഡ്ജറ്റ് : കാർഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ


ചാത്തമംഗലം: സർവ്വ മേഖലകളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ് ആണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
43.28 കോടി രൂപ പ്രതീക്ഷിത വരവും 31.87 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 11.40 കോടി രൂപ മിച്ചം രേഖപ്പെടുത്തുന്നു. നാടിന്റെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കൃഷിക്കും വിദ്യാഭ്യാസത്തിനും കായിക മേഖലയ്ക്കും വലിയ പ്രാധാന്യമാണ് ബജറ്റ് നൽകുന്നത്.




പ്രധാന പദ്ധതികൾ ഒറ്റനോട്ടത്തിൽ:

കെട്ടാങ്ങൽ അങ്ങാടി സൗന്ദര്യവൽക്കരണം: പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ കെട്ടാങ്ങൽ അങ്ങാടിയെ ആധുനിക രീതിയിൽ നവീകരിക്കും.

വെളിച്ചം പദ്ധതി: പഞ്ചായത്തിന്റെ മുക്കിലും മൂലയിലും തെരുവുവിളക്കുകൾ എത്തിച്ച് രാത്രിയാത്ര സുരക്ഷിതമാക്കാൻ 'വെളിച്ചം' പദ്ധതി നടപ്പിലാക്കും.

കാർഷിക ഉന്നമനം: കർഷകരെ സഹായിക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമായി കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്.

മാലിന്യമുക്ത പഞ്ചായത്ത്: ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തും. സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി ചാത്തമംഗലത്തെ മാറ്റുകയാണ് ലക്ഷ്യം.

സ്മാർട്ട് വിദ്യാഭ്യാസം: പൊതുവിദ്യാലയങ്ങളിലെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കും.

കായിക വികസനം: യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ കേരളോത്സവം കൂടുതൽ ജനകീയമായി സംഘടിപ്പിക്കാനും ബജറ്റിൽ തുക വകയിരുത്തി.

പഞ്ചായത്ത് ഓഫീസിന്റെ നവീകരണം ഉൾപ്പെടെയുള്ള ഭരണപരമായ പരിഷ്കാരങ്ങൾക്കും ബജറ്റിൽ മുൻഗണനയുണ്ട്. ജനകീയമായ ഇടപെടലുകളിലൂടെ ചാത്തമംഗലത്തെ ഒരു മാതൃകാ പഞ്ചായത്താക്കി മാറ്റുക എന്നതാണ് ഈ ബജറ്റിന്റെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris