ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് നയാര


ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി. ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്.

ഇന്ന് രാവിലെ മുതലാണ് നയാരയുടെ മുഴുവന്‍ പമ്പുകളിലും വില വര്‍ധിപ്പിച്ചത്. പൊതുമേഖലാ കമ്പനികളുടെ പമ്പുകളിലും മറ്റ് സ്വകാര്യ പമ്പുകളിലും വില വര്‍ധിപ്പിച്ചിട്ടില്ല.

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്വകാര്യ കമ്പനിയായ നയാര വില വര്‍ധിപ്പിച്ചത്. എല്‍പിജി ക്ഷാമത്തിന് പിന്നാലെ പെട്രോള്‍, ഡീസല്‍ ക്ഷാമത്തിനും സാധ്യതയുണ്ടെന്ന അഭ്യൂഹം വ്യാപകമായതോടെ പമ്പുകളില്‍ തിരക്ക് വര്‍ധിച്ചിരുന്നു.


അതേസമയം, രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമാണെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും എല്‍പിജിയുടെയും വിതരണത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറപ്പുനല്‍കിയത്.


Post a Comment

Previous Post Next Post
Paris
Paris