കുവൈത്ത് സിറ്റി: വിൻറർ ഷെഡ്യൂളിന്റെ ഭാഗമായി നിർത്തിവെച്ച കുവൈത്ത്-കോഴിക്കോട് സർവിസ് എയർഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു. മാർച്ച് ഒന്നു മുതൽ കോഴിക്കോട് സർവിസ് പുനരാരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളായി ആഴ്ചയിൽ മൂന്നു സർവിസുകളാണുണ്ടാകുക.
എന്നാൽ കോഴിക്കോടിനൊപ്പം നിർത്തിവെച്ച കണ്ണൂർ സർവിസ് പുനരാരംഭിക്കുന്നതിൽ വ്യക്തതയില്ല. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ടും കോഴിക്കോട്ടേക്ക് അഞ്ചും സർവിസ് ആണ് ഉണ്ടായിരുന്നത്. പുതുക്കിയ ഷെഡ്യൂളിൽ കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്നു സർവിസ് മാത്രമാണുള്ളത്. വിൻറർ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബർ മുതലാണ് കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് നിർത്തിവെച്ചത്. രണ്ടു വിമാനത്താവളങ്ങളിലേക്കും കുവൈത്തിൽ നേരിട്ട് മറ്റ് വിമാനങ്ങൾ ഇല്ലാത്തതിനാൽ എയർഇന്ത്യ എക്സ്പ്രസ് നടപടി പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
Post a Comment