ശബരിമല സ്വർണക്കൊള്ള: നിർണായക രേഖകൾ ഒളിപ്പിക്കാൻ ചിലർ ശ്രമിച്ചെന്ന് ഹൈക്കോടതി, എസ്ഐടിയുടെ അന്വേഷണം തൃപ്തികരം



 കൊച്ചി : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ ഒളിപ്പിക്കാൻ ചിലർ ശ്രമിച്ചെന്ന് ഹൈക്കോടതി. എസ്ഐടി ഈ രേഖകൾ കണ്ടെത്തിയെന്നും വേണമെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി തിങ്കളാഴ്ച ഉദ്യോഗസ്ഥർ നേരിട്ട് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. ഇതു പരിശോധിച്ച കോടതി എസ്ഐടിയുടെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി.


സാധ്യമായതും പ്രസക്തവുമായ എല്ലാ തെളിവുകളും കണ്ടെത്താൻ എസ്ഐടി സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തിയിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഒളിച്ചുവയ്ക്കാൻ ചില വ്യക്തികൾ ശ്രമിച്ചു. എന്നാൽ നിർണായകമായ ഈ തെളിവുകൾ കണ്ടെത്താനും വീണ്ടെടുക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.

നിലവിൽ 4 ഘട്ടങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. 1998-ൽ നടന്ന ആദ്യത്തെ സ്വർണം പൊതിയൽ മുതൽ 2025-ൽ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളികൾ വീണ്ടും കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഇടപാടുകൾ വരെ ഇതിൽ ഉൾപ്പെടും. പ്രതികളുടെ വരവിൽ കവിഞ്ഞ സ്വത്തിനെ കുറിച്ചും അന്വേഷണം നടത്തി. ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ഇതുവരെ 181 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.

സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ ദേവസ്വം ബെഞ്ച് ഓർമിപ്പിച്ചു. എസ്ഐടിയുടെ ആവശ്യപ്രകാരം അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച ഹൈക്കോടതി, ജനുവരി 19ന് അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.



Post a Comment

Previous Post Next Post
Paris
Paris