പുണെ :മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്റെ മിനിറ്റുകൾ തിരിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം.
അപകടത്തിൽപ്പെട്ട VI-SSK എന്ന ചാർട്ടേഡ് വിമാനം രാവിലെ 08.18-നാണ് ബാരാമതിയുമായി ആദ്യമായി ബന്ധപ്പെട്ടത്. ബാരമതിയിലേക്ക് 30 നോട്ടിക്കൽ മൈൽ അകലെ ആയിരിക്കുമ്പോഴാണ് അടുത്ത റേഡിയോ കോൾ വന്നത്. ആ ഘട്ടത്തിൽ, പൈലറ്റിന്റെ വിവേചനാധികാരത്തിൽ വിഷ്വൽ മെറ്റീരിയോളജിക്കൽ സാഹചര്യങ്ങളിൽ താഴേക്ക് ഇറങ്ങാൻ പൈലറ്റിന് നിർദ്ദേശം നൽകി. താമസിയാതെ, കാറ്റിന്റെയും ദൃശ്യപരതയുടെയും വിശദാംശങ്ങൾ പൈലറ്റുമാർ ചോദിച്ചറിഞ്ഞു. കാറ്റ് ശാന്തമാണെന്നും ദൃശ്യപരത ഏകദേശം 3,000 മീറ്ററാണെന്നും അവരെ അറിയിച്ചു. തുടർന്ന് വിമാനം റൺവേ 11-ൽ ഫൈനൽ അപ്രോച്ചിൽ ആയിരുന്നതായി റിപ്പോർട്ട് ചെയ്തു, എന്നാൽ റൺവേ ദൃശ്യമാകുന്നില്ലെന്ന് പൈലറ്റുമാർ റിപ്പോർട്ട് ചെയ്തു. ആദ്യ ലാൻഡിങ് ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് പൈലറ്റ് വിമാനം വീണ്ടും ഉയർത്തുകയും രണ്ടാമതും ലാൻഡിങിനായി ശ്രമിക്കുകയും ചെയ്തു.
ഗോ-എറൗണ്ട് നീക്കത്തിന് ശേഷം, വിമാനത്തിന്റെ സ്ഥാനം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. അവർ വീണ്ടും റൺവേ 11-ൽ ഫൈനൽ അപ്രോച്ചിൽ ആണെന്ന് പൈലറ്റുമാർ പ്രതികരിച്ചു. റൺവേ കാണുമ്പോൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടു. റൺവേ നിലവിൽ കാണുന്നില്ല, റൺവേ കാണുമ്പോൾ അറിയിക്കാമെന്ന് പൈലറ്റുമാർ പ്രതികരിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, റൺവേയുമായി ദൃശ്യബന്ധം സ്ഥാപിച്ചതായി അവർ റിപ്പോർട്ട് ചെയ്തു. രാവിലെ 08.43-ന് ലാൻഡിങിനുള്ള അനുമതി നൽകിയെങ്കിലും വിമാനത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്നും, ഒരു മിനിറ്റിനുള്ളിൽ റൺവേയുടെ അരികിൽ തീജ്വാലകൾ ഉയർന്നതായും അധികൃതർ വ്യക്തമാക്കി.
ബാരാമതി വിമാനത്താവളത്തിലെ റൺവേ 11-ന്റെ ഇടതുവശത്തായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് വിശദമായി പഠിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്തേക്ക് അന്വേഷണസംഘം തിരിച്ചിട്ടുണ്ട്.
പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് സ്റ്റാഫ് അംഗങ്ങൾ, ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, വിമാനത്തിലെ രണ്ട് ജീവനക്കാർ എന്നിവരടക്കം അഞ്ചുപേരും അപകടത്തിൽ കൊല്ലപ്പെട്ടു. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകവേയാണ് ഈ ദുരന്തം സംഭവിച്ചത്.
Post a Comment