ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നു.യു.എ.ഇ ദിര്‍ഹത്തിന്റെ മൂല്യം നിലവില്‍ 24 രൂപ 90 പൈസയിലെത്തി. അടുത്ത ദിവസങ്ങളില്‍ തന്നെ ഒരു ദിര്‍ഹത്തിന് 25 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് നിരക്ക് കൈവരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യന്‍ രൂപ ഒരു അമേരിക്കന്‍ ഡോളറിന് 92 രൂപ എന്ന നിലയില്‍ ചാഞ്ചാട്ടം നടത്തുന്നതിനിടെയാണ് ഗള്‍ഫ് കറന്‍സികളില്‍ ഇതിന്റെ പ്രതിഫലനം പ്രകടമായത്. ദിര്‍ഹത്തിനൊപ്പം സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍, കുവൈറ്റ് ദിനാര്‍ തുടങ്ങിയ കറന്‍സികളുടെ മൂല്യവും വര്‍ധിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ച് നാട്ടിലേക്ക് പണമയക്കാന്‍ ഇത് നല്ല അവസരമാണ്. എന്നാല്‍ മാസാവസാനമായതിനാല്‍ നിലവില്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല.
വരും ദിവസങ്ങളില്‍ ശമ്പളം ലഭിക്കുന്നതോടെ കൂടുതല്‍ പണമൊഴുക്ക് ഇന്ത്യയിലേക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പണമയക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അനുകൂലമായ നിരക്ക് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രൂപയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ ഒരേ ദിശയിലേക്കുള്ളതല്ലെന്നും ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഡോളര്‍ സൂചികയില്‍ ഉണ്ടായ ചെറിയ ഇടിവും വ്യാപാര കരാറുകളെക്കുറിച്ചുള്ള പ്രതീക്ഷകളും വിപണിക്ക് ഭാഗിക ആശ്വാസം നല്‍കിയിട്ടുണ്ട്.
ആഗോള പലിശനിരക്കുകളിലെ മാറ്റം, വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നത്, ഉയര്‍ന്ന ഇറക്കുമതി ചെലവ്, ഡോളറിനായി കമ്പനികള്‍ക്കിടയില്‍ നടക്കുന്ന മത്സരം എന്നിവയാണ് രൂപയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന ഘടകങ്ങളെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു
Post a Comment