'സെലിബ്രിറ്റിയായതിനാല്‍ പ്രത്യേക ഉത്തരവ് നല്‍കാനാവില്ല'; ഹൈക്കോടതിയില്‍ വി എം വിനുവിന് തിരിച്ചടി; ഹര്‍ജി തള്ളി




കോഴിക്കോട്: കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വിനുവിന് ഹൈക്കോടതിയില്‍ തിരിച്ചടി.

വോട്ടർ പട്ടികയില്‍ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു.


സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. എതിര്‍പ്പുണ്ടെങ്കില്‍ കമ്മീഷനെ അറിയിക്കൂ. വി എം വിനു മാധ്യമങ്ങളിലൂടെ വിവരങ്ങളൊന്നും അറിയാറില്ലേ. നിങ്ങളുടെ കഴിവുകേട് മുന്‍നിര്‍ത്തി മറ്റ് പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് മുട്ടടയില്‍ അനുകൂല നിലപാട് എടുത്തത്.' ഹൈക്കോടതി വ്യക്തമാക്കി.

തന്നെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2020-21 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയില്‍ പേര് ഉണ്ടായിരുന്നു എന്നായിരുന്നു വി എന്‍ വിനു വാദിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനാല്‍ വോട്ടര്‍ പട്ടിക പരിശോധിച്ചില്ലെന്നും പാര്‍ട്ടി സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും വിനു ഹൈക്കോടതിയില്‍ പറഞ്ഞു. നോമിനേഷന്‍ നല്‍കാന്‍ തയ്യാറായപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് മനസിലായത്. ഉടന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ സമീപിച്ചു. എന്നാല്‍ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു മറുപടി. ജില്ലാ കളക്ടര്‍ക്കും അപ്പീല്‍ നല്‍കിയെങ്കിലും ഇതുവരെ തീരുമാനമെടുത്തില്ല. നോട്ടീസ് നല്‍കാതെയും തന്നെ കേള്‍ക്കാതെയുമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമെന്നും വി എം വിനു ചൂണ്ടിക്കാട്ടിയിരുന്നു.

വിനു കല്ലായി ഡിവിഷനില്‍നിന്നും വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാല്‍ ഇതിന് തിരിച്ചടിയാകുന്നതായിരുന്നു വിനുവിന് വോട്ടില്ലെന്ന വിവരം. എന്നാല്‍ താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും വോട്ട് നീക്കംചെയ്തതാണ് എന്നുമാണ് വിനുവിന്റെ വാദം. 2020ലെ പട്ടികയില്‍ വിനുവിന്റെ പേരില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനാണ് വിനു. പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തില്‍ സജീവമായിരുന്ന വിനു പിന്നീട് സിനിമയിലെത്തി. ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അടക്കം പതിനഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris