എസ്.ഐ.ആര്‍: എന്യൂമറേഷന്‍ ഫോം വിതരണം കോഴിക്കോട് ജില്ലയില്‍ 100 ശതമാനത്തിലേക്ക്



പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ. ആര്‍) ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം ജില്ലയില്‍ 100 ശതമാനത്തിലേക്ക്. ഫോം വിതരണം ഇതിനകം 99 ശതമാനം പിന്നിട്ടതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജില്ലയിലെ 26.5 ലക്ഷം വോട്ടര്‍മാര്‍മാര്‍ക്കാണ് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നത്. വിതരണം ചെയ്ത ഫോമുകളില്‍ 70 ശതമാനത്തിലേറെ ഫോമുകള്‍ തിരികെ വാങ്ങി ബിഎല്‍ഒമാര്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 


ആകെ 2303 ബി.എല്‍.ഒ (ബൂത്ത് ലെവല്‍ ഓഫിസര്‍)മാരെയാണ് ഫോം വിതരണത്തിനും തിരികെ വാങ്ങി ഡിജിറ്റൈസ് ചെയ്യുന്നതിനുമായി ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്. ബി.എല്‍.ഒമാരും ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാരും, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഇആര്‍ഒമാര്‍, എഇആര്‍ഒമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോം വിതരണവുമായും സ്വീകരണവുമായും ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ കാഴ്ചവക്കുന്നതെന്നും അവരെ അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടര്‍ പറഞ്ഞു. 

നവംബര്‍ നാലിനാണ് ജില്ലയില്‍ ഫോം വിതരണം ആരംഭിച്ചത്. നവംബര്‍ 30 നുള്ളില്‍ തന്നെ പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ വാങ്ങി ഡിജിറ്റൈസ് ചെയ്ത് എസ്ഐആര്‍ നടപടികള്‍ 100 ശതമാനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris