കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 310 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,660 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 2480 രൂപയുടെ കുറവുണ്ടായി. 93,280 രൂപയായാണ് സ്വർണവില കുറഞ്ഞത്. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും സ്വർണവില കുറഞ്ഞത്.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 4,109.19 ഡോളറായാണ് ഒരു ഔൺസ് സ്വർണത്തിന്റെ വില കുറഞ്ഞത്. 2020 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.4 ശതമാനം ഇടിഞ്ഞ് 4,124.10 ഡോളറായി. ലാഭമെടുപ്പ് ശക്തമായതാണ് വിപണിയിൽ വില ഇടിയാനുള്ള പ്രധാനകാരണം.
കഴിഞ്ഞ ദിവസം രാവിലെ റെക്കോഡ് വിലയിലെത്തിയ സ്വർണത്തിന് വൈകീട്ട് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 1600 രൂപയും ഗ്രാമിന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 95,760 രൂപയും ഗ്രാമിന് 11,970 രൂപയുമായി.
ചൊവ്വാഴ്ച രാവിലെ ഗ്രാമിന് 190 രൂപ വർധിച്ചിരുന്നു. 12,170 രൂപയായിരുന്നു വില. പവന് 1520 രൂപ കൂടി 97,360 രൂപയായിരുന്നു. ഒക്ടോബർ 17നാണ് ഇതിന് മുമ്പ് സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വിലയായ ഈ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 305 രൂപയും പവന് 2440 രൂപയുമാണ് അന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് വില 12,170 രൂപയായും പവന് 97360 രൂപയുമായിരുന്നു. പിന്നീട് വില പടിപടിയായി കുറഞ്ഞ് 95,840 രൂപയിലേക്ക് എത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ വില ഇതിലും കുറയുകയായിരുന്നു.
Post a Comment