അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 800 പേർ മരിച്ചു, 2500ലേറെ പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത



കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. 2500ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ 11:47ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 160 കിലോ മീറ്റർ ആഴത്തിലാണ്. നൂർ ഗുൽ, സോകി, വാട്ട്‌പൂർ, മനോഗി, ചപാഡേർ തുടങ്ങിയ ജില്ലകളെയാണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്.


പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നാണ് വിവരം. ഒട്ടേറെ പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ രക്ഷാപ്രവർത്തകർ സ്ഥലത്ത് തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായും മറ്റ് ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്നതോടെ മരണസംഖ്യ ഉയരുമെന്നും കുനാറിന്റെ പ്രവിശ്യാ വിവര മേധാവി നജിബുള്ള ഹനീഫ് പറഞ്ഞു.

അതേസമയം ഇന്നലെ പ്രാദേശിക സമയം രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. വൻ നാശനഷ്ടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ഭൂകമ്പത്തിൽ നിരവധി ഗ്രാമങ്ങൾ നശിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു.

നേരത്തെ ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നേരിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് രണ്ട് ഭൂചലനമുണ്ടായത്. പുലർച്ചെ 3.27നും 4.39നുമുണ്ടായ ഭൂചലനത്തിൽ റിക്ടെർ സ്‌കെയിലിൽ 4.0, 3.3 തീവ്രതകൾ രേഖപ്പെടുത്തി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


Post a Comment

Previous Post Next Post
Paris
Paris