കോഴിക്കോട് : കഴിഞ്ഞയാഴ്ച താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒൻപതുവയസ്സുകാരി അനയയുടെ ഏഴുവയസ്സുകാരനായ സഹോദരനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതോടെ ഈ രോഗബാധയെത്തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. കോഴിക്കോട്ടും മലപ്പുറത്തും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ രോഗബാധിതർക്ക് ജലസമ്പർക്കമുണ്ടായ ഇടങ്ങളിൽ പരിശോധനയും ശുചീകരണപ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ശക്തമാക്കി.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ഏഴുവയസ്സുകാരനും സഹോദരി അനയ കുളിച്ച അതേ കുളത്തിൽ കുളിച്ചിരുന്നതായാണ് വിവരം. മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച താമരശ്ശേരിയിലെ ഒൻപതു വയസ്സുകാരിയുടെ വീട്ടിലും സമീപപ്രദേശത്തെ കുളത്തിലുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച വിശദമായി പരിശോധന നടത്തിയത്. കോഴിക്കോട്ട് രോഗം റിപ്പോർട്ട് ചെയ്ത മറ്റു ചില ഇടങ്ങളിലും മെഡിക്കൽ കോളജിൽ നിന്നെത്തിയ സംഘം പരിശോധന നടത്തി. സ്ഥലത്തെ ജലസ്രോതസുകളിലെ സാംപിളുകൾക്കൊപ്പം കിണറുകൾ, പൈപ്പു വെള്ളം ഉൾപ്പെടെയുള്ള സാംപിളുകളും ശേഖരിച്ചു. പ്രദേശത്ത് ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി.
കോഴിക്കോട് ഓമശ്ശേരിയിൽ നിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞ്, മലപ്പുറം സ്വദേശിയായ നാൽപത്തിയൊൻപതുകാരൻ, ചേളാരി സ്വദേശിയായ പതിനൊന്നുവയസ്സുകാരി, അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ, വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച താമരശ്ശേരി സ്വദേശിയായ ഏഴുവയസ്സുകാരൻ എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
വേനൽക്കാലത്താണ് മുൻപ് കൂടുതൽ രോഗബാധ കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ മഴക്കാലത്തും രോഗവാഹക അമീബയുടെ സാന്നിധ്യം കണ്ടതോടെ ആരോഗ്യവകുപ്പ് കൂടുതൽ പഠനത്തിന് ഒരുങ്ങുകയാണ്. കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ രോഗനിർണയം നടത്താനുള്ള മെച്ചപ്പെട്ട സൗകര്യങ്ങളുള്ളതിനാലാണ് ഇവിടങ്ങളിൽനിന്ന് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ അതിവേഗം വിലയിരുത്തി മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന് ജില്ലയിലെ ആരോഗ്യപ്രവർത്തകരും വ്യക്തമാക്കുന്നു
പനി, തലവേദന, ബോധക്ഷയം അപസ്മാരം, ഓർമക്കുറവ് തുടങ്ങിയ, സാധാരണ മസ്തിഷ ജ്വരത്തിന്റെ ലക്ഷണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരത്തിലുമുള്ളത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഭക്ഷണം കഴിക്കാനുള്ള വിമുഖത, കടുത്ത ക്ഷീണം, അസാധാരണ പ്രതികരണങ്ങൾ എന്നിവയാണ് രോഗബാധയുള്ള കുട്ടികളിൽ ദൃശ്യമാകുക.
അമീബ വിഭാഗത്തിൽപ്പെട്ട നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. സംസ്ഥാനത്ത് സാധാരണയായി കണ്ടുവരുന്ന നേഗ്ലേറിയ ഫൗലേറി കൂടാതെ, കോഴിക്കോട്ട് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധയിൽ മറ്റ് അമീബ വകഭേദങ്ങളുടെയും സാന്നിധ്യം കണ്ടെത്തിയെന്നാണ് ആരോഗ്യപ്രവർത്തകർ സൂചിപ്പിക്കുന്നത്. അതുകാരണമാകാം കിണർവെള്ളത്തിൽനിന്നും മറ്റും രോഗബാധയുണ്ടാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇക്കാര്യം വിശദമായി പഠിച്ച് ഉറപ്പിക്കേണ്ടതുണ്ടെന്നും ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. രോഗബാധ സംശയിക്കുന്നവരുടെ നട്ടെല്ലിൽ നിന്നെടുക്കുന്ന സ്രവത്തിൽ പിസിആർ പരിശോധന നടത്തിയാണ് ഏതിനം അമീബ ബാധയാണുണ്ടായതെന്നത് കണ്ടെത്തുന്നത്.
രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുമ്പോഴാണ് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സമയം വൈകുംതോറും രോഗാവസ്ഥ വർധിക്കാനും മരണത്തിനും കാരണമാകുമെന്നതിനാൽ പനി, കടുത്ത തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സമയം വൈകാതെ ആരോഗ്യകേന്ദ്രങ്ങളിൽ വിശദപരിശോധന നടത്തി രോഗം വിലയിരുത്തണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു.
രോഗം റിപ്പോർട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, രോഗബാധിത മേഖലകളിൽ പ്രത്യേകിച്ചു മലിനീകരണസാധ്യതയുളള ഇടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാതിരിക്കുന്നതാകും നിലവിൽ അഭികാമ്യമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.കെ.രാജാറാം പറഞ്ഞു. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്താണ് രോഗമുണ്ടാകുന്നത്. രോഗാണുബാധ ഉണ്ടായാൽ ഒന്നു മുതൽ ഒൻപതു വരെ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. സ്വയം ചികിത്സ പാടില്ലെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ പനിബാധയുണ്ടെങ്കിൽ ആ വിവരം ആദ്യം തന്നെ ഡോക്ടറെ അറിയിച്ചാൽ പ്രതിരോധനടപടികൾ വേഗത്തിലാക്കാനാകുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു.
Post a Comment