എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും, അതോടെ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെടും- എം.വി ഗോവിന്ദൻ



തൃശ്ശൂർ: നിർമിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കൈയിലെത്തുന്നതോടെ പ്രതിസന്ധികള്‍ കൂടുമെന്ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
 ഇത് വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരാൻ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.




എ.ഐ. ഉപയോഗിക്കുമ്ബോഴുള്ള പ്രശ്നമെന്താണ്? കുത്തകമുതലാളിത്തത്തിന്റെ ലാഭം, മിച്ചമൂല്യവിഹിതം, വലിയ രീതിയില്‍ കൂടും. അവർതന്നെ പറയുന്നതുപോലെ പത്തോ അറുപതോ ശതമാനം ആളുകളുടെ തൊഴില്‍ നഷ്ടപ്പെടാൻ ഇടയാകുകയും ചെയ്യും. ഈ സാഹചര്യം ലോകത്തുവളർന്നുവന്നാല്‍ ഈ ശാസ്ത്രത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന ഉത്പാദനോപാധികളെല്ലാം കോർപ്പറേറ്റുകളുടേയും മുതലാളിമാരുടേയും കൈയിലായിരിക്കുന്നിടത്തോളം കാലം പ്രതിസന്ധി കൂടുകയാണ് ചെയ്യുക. വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരികയാണ് ചെയ്യുക', എന്നായിരുന്നു എം.വി. ഗോവിന്ദന്റെ വാക്കുകള്‍.

എ.ഐ. സംവിധാനത്തെ സ്വതന്ത്രമായി ആർക്കും ഉപയോഗിക്കാൻ കഴിയുന്നരീതിയില്‍ ബദലായി കൈകാര്യംചെയ്യാൻ കഴിയണമെന്ന് കഴിഞ്ഞദിവസം എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. എ.ഐ. ഉള്‍പ്പെടെയുള്ള എല്ലാത്തിനേയും പൂർണമായി ഉള്‍ക്കൊള്ളാൻ കഴിയുന്ന ദർശനം മാർക്സിസം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

നേരത്തേ പലതവണ എം.വി. ഗോവിന്ദൻ എ.ഐയെക്കുറിച്ച്‌ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വലിയ ചർച്ചയായിരുന്നു. എ.ഐ സോഷ്യലിസത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. ഇത് വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായെത്തിയ അദ്ദേഹം, എ.ഐ വരുന്നതോടെ സമൂഹത്തിലെ സമ്ബത്തിന്റെ വിതരണത്തിലുള്ള വൈരുദ്ധ്യം വർധിക്കുമെന്നും ഇത് തൊഴിലില്ലായ്മയുടെ തോത് 60 ശതമാനത്തോളം ഉയർത്തുമെന്നും അഭിപ്രായപ്പെട്ടു. ഇത് സ്ഫോടനാത്മകമായിരിക്കും. ക്രമേണ അധ്വാനിക്കുന്ന വർഗം അതിശക്തിയായി ഭരണകൂട വ്യവസ്ഥയെത്തന്നെ തട്ടിമാറ്റുമെന്നും അദ്ദേഹം വിശദീകരിച്ചു.

Post a Comment

Previous Post Next Post
Paris
Paris