തിരുവമ്പാടി: വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് യു.ഡി.എഫ് പ്രചാരണ കമ്മിറ്റിയിൽനിന്ന് തിരുവമ്പാടിയിൽ മുസ്ലിം ലീഗിന്റെ ആറ് ബൂത്ത് കൺവീനർമാർ രാജിവെച്ചു. ലീഗിന്റെ എട്ട് ബൂത്ത് കൺവീനർമാരിൽ ആറുപേരാണ് പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡണ്ട് കോയ പുതുവയലിന് രാജിക്കത്ത് നൽകിയത്.
നിഷാദ്,ഭാസ്കരൻ, അറഫി കാട്ടിപരുത്തി, റഫീഖ് തെങ്ങിൻച്ചാലിൽ, ജാബിർ മംഗലശ്ശേരി, ജാനാസ് പരുത്തിക്കുന്നേൽ, നിഷാദ് ചോലക്കൽ എന്നിവരാണ് രാജിവെച്ചത്.
ബൂത്ത് കൺവീനർമാർ. ഒക്ടോബർ 21ന് നടന്ന യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ലീഗിലെ ചേരിപ്പോര് കാരണം ബഹളത്തിൽ കലാശിച്ച് കസേരയിൽ നിന്നുവീണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന് കാലിന് പരിക്കേറ്റിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പദവി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം. ഷൗക്കത്തലിക്ക് നൽകിയതിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത് ബഹളത്തിൽ കലാശിക്കുകയായിരുന്നു.
ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോയ പുതുവയലിനെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ ആവശ്യം. പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനം മറികടന്ന് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം കൺവെൻഷനിൽ ഏകപക്ഷീയ തീരുമാനമെടുത്തുവെന്നാണ് ആരോപണം. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ല കമ്മിറ്റിയെ സമീപിച്ചെങ്കിലും നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് ബൂത്ത് കൺവീനർമാർ രാജിവെച്ചതെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോയ പുതുവയൽ, വൈസ് പ്രസിഡന്റുമാരായ സാഫിർ ദാരിമി,ഷംസു കീഴേപ്പാട്ട്, സെക്രട്ടറി റഫീക്ക് തെങ്ങും ചാലിൽ, ട്രഷർ സിയാദ് പര്യാടത്ത് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Post a Comment