കണ്ണൂർ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിക മേഖലകള്‍ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്.
മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്കുള്‍ മൈതാനത്ത് ഇറങ്ങി. പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രിയും ഗവർണ്ണറും സുരേഷ് ഗോപിയും ഹെലികോപ്ടറിലുണ്ടായിരുന്നു.
എയർഫോഴ്സ് 1 വിമാനത്തില്‍ നേരത്തെ നിശ്ചയിച്ചതിലും അല്‍പം നേരത്തെയാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തിയത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍, സ്ഥലം എം എല്‍ എ കെകെ ശൈലജ, ചീഫ് സെക്രട്ടറി വി വേണു എന്നിവർ ചേർന്ന് സ്വീകരിച്ചു. മൂന്ന് ഹെലികോപ്ടറുകളാണ് കണ്ണൂർ വിമാനത്താവളത്തില്‍ തയ്യാറാക്കിയിരുന്നത്. രണ്ട് ഹെലികോപ്ടറുകള്‍ പ്രധാനമന്ത്രിയുടെ കോപ്ടറിനെ അനുഗമിച്ചു.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയ പ്രധാന മന്ത്രി തുടർന്ന് റോഡ് മാർഗ്ഗം ചൂരല്‍മലയിലെ ബെയ്ലി പാലത്തിലെത്തും. അതിന് ശേഷം ഒരു ദുരിതാശ്വാസ ക്യാമ്ബിലും ആശുപത്രിയില്‍ കഴിയുന്ന ദുരിതബാധിതരേയും പ്രധാനമന്ത്രി സന്ദർശിക്കും.
വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിനും ശേഷമായിരിക്കും പ്രധാനമന്ത്രി മടങ്ങുക. കേരളത്തിനായി പ്രധാനമന്ത്രി എന്ത് സഹായമാണ് പ്രഖ്യാപിക്കുന്നതെന്നാണ് ഏവരും ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.
ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് അടിയന്തര പുനരധിവാസത്തിനുള്ള തുക ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടിയാണ് ആവശ്യപ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 90 ദിവസം ഇതിനാവശ്യമായി വരും. നിലവില്‍ ക്യാമ്ബുകള്‍ തുടരും.
ദുരന്ത ബാധിതര്‍ക്ക് സമാശ്വാസ തുക അടിയന്തരമായി നല്‍കേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങള്‍ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതില്‍ സര്‍ക്കാരിന് കര്‍ക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവില്‍ ഇളവ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

Post a Comment