വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മൃതദേഹാവശിഷ്ടങ്ങളുടെ ഡി.എൻ.എ പരിശോധനാഫലം ഇന്ന് മുതൽ പുറത്തു വിടും



 ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കണ്ടെടുത്ത ശരീരഭാഗങ്ങളുടേയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടേയും ജനിതക (ഡി.എന്‍.എ.) പരിശോധനാ ഫലങ്ങൾ കിട്ടിത്തുടങ്ങി. മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ ഡി.എന്‍.എ. ഫലങ്ങള്‍ പരസ്യപ്പെടുത്തിത്തുടങ്ങുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. പരപ്പന്‍പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്കായി അയച്ചു. ഇവ മനുഷ്യന്റേതുതന്നെ ആണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. അട്ടമലയില്‍നിന്ന് എല്ലിന്‍കഷ്ണവും കിട്ടിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ എന്ന് ഉറപ്പില്ല. ഉരുള്‍പൊട്ടലുണ്ടാകുന്നതിന് മുമ്പുണ്ടായിരുന്നതാണോ ഇത് എന്ന സംശയവുമുണ്ട്. വിശദപരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

രണ്ടായിരത്തോളം പേരാണ് ഞായറാഴ്ച തിരച്ചിലില്‍ പങ്കെടുത്തത്. മഴ പെയ്തതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും. വിവിധ മേഖലകളായി തിരിച്ചാണ് തിരച്ചില്‍. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ മേഖലയില്‍ 60 അംഗ സംഘമാണ് തിരച്ചില്‍ നടത്തുക. പാണംകായം വനമേഖലയില്‍ 50 പേരുടെ സംഘമാണ് തിരച്ചില്‍ നടത്തുക. പൂക്കോട്ടുമല, ഇരുട്ടുകുത്തി, കുമ്പളപ്പാറ എന്നിവിടങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris