അപികീർത്തി കേസ് : പട്ടികജാതി-വർഗ ഐക്യവേദി സംസ്ഥാന ചെയർമാൻ ഐത്തിയൂർ സുരേന്ദ്രന് ആറ് മാസം ജയിൽ ശിക്ഷ



കോഴിക്കോട്: പട്ടിക ജാതിക്കാരന്റെ ഭൂമി കൈയേറി മരങ്ങൾ മുറിച്ച് കടത്തിയതായി അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച പട്ടികജാതി-വർഗ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഐത്തിയൂർ സുരേന്ദ്രൻ ഉൾപ്പെടെ മൂന്ന്പേർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി.




പട്ടിക ജാതി - വർഗ്ഗ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഐത്തിയൂർ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് ഗംഗാദേവി, വെള്ളലശ്ശേരി സ്വദേശി വേലായുധൻ എന്നിവരെയാണ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ആറ് മാസത്തേക്ക് തടവുശിക്ഷ നൽകി ശിക്ഷിച്ചത്.

തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് വാർത്താ സമ്മേളനം നടത്തുകയും സമൂഹ മധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ചാത്തമംഗലം വെള്ളലശ്ശേരി സ്വദേശി മൂസക്കുട്ടി ഹാജി കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപകീർത്തി കേസിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.

മൂസക്കുട്ടി ഹാജി പട്ടികജാതിക്കാരനായ കുഞ്ഞന്റെ 30 സെന്റ് ഭൂമി കയ്യേറി 5 ലക്ഷം രൂപയിലധികം വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തിയെന്നും ആരോപിച്ചുകൊണ്ട് 2015 ൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ സുരേന്ദ്രന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഭൂമി കൈയേറാൻ കുന്ദമംഗലം എസ് ഐ കൂട്ടുനിന്നുവെന്നും ആരോപണമുന്നയിച്ചിരുന്നു.

എന്നാൽ ഇത് തീർത്തും തെറ്റായ ആരോപണമാ ണെന്നും തന്റെ പറമ്പിന്റെ കിഴക്കേ അതിരിലാണ് കുഞ്ഞൻ താമസിക്കുന്നതെന്നും തന്റെയും കുഞ്ഞന്റെയും പറമ്പുകൾ തമ്മിൽ നാലടിയോളം ഉയരമുള്ള മതിലുകൾ കൊണ്ട് വേർതിരിച്ചിട്ടുണ്ടെന്നും
താൻ നികുതി അടച്ചു കൊണ്ടിരിക്കുന്ന ഭൂമിയിലെ 30 സെന്റ് സ്ഥലത്തിന് അവകാശ വാദമുന്നയിച്ച് 2009ൽ കുഞ്ഞൻ കൈയേറ്റ ശ്രമം നടത്തിയപ്പോൾ കുഞ്ഞനും മകനുമെതിരെ കോ ഴിക്കോട് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നതായും മൂസക്കുട്ടി ഹാജി കോടതിയിൽ നൽകിയ പരാതിയിൽ ബോധിപ്പിച്ചിരുന്നു.

അതേ കോടതിയിൽ തനിക്കെതിരെ കുഞ്ഞനും കേസ് നൽകി. രണ്ട് പേരുടെയും വാദം കേട്ട കോടതി തൻ്റെ വാദം അംഗീകരിച്ച് കുഞ്ഞന്റെ കേസ് തള്ളുകയും ചെയ്‌തു. ഈ വിധി നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ കുഞ്ഞൻ അപ്പീൽ ഹരജി നൽകിയിട്ടില്ലെന്ന് മാത്രമല്ല തന്റെ കൈവശ ഭൂമിയിൽ അവകാശ വാദമുന്നയിക്കുന്ന കുഞ്ഞന് ബന്ധപ്പെട്ട വില്ലേജിൽ നിന്ന് ഒരു രേഖയും നൽകരുതെന്ന് കോഴി ക്കോട് തഹസിൽദാർ ഉത്തരവ് പുറപ്പെടുവിച്ചത് നിലവിലുണ്ടെന്നും മൂസക്കുട്ടിഹാജി വ്യക്തമാക്കിയിരുന്നു. 

ഭൂമി തന്റെതാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും തൻ്റെ കൈയിലുണ്ടെന്നിരിക്കെ ഇതിന്റെ നിജസ്ഥിതി മനസിലാക്കാതെ പട്ടികജാതി-വർഗ ഐക്യവേദി ഭാരവാഹികൾ തനിക്കെതിരെ വാർത്താ സമ്മേളനം നടത്തുകയും പൊതുജനമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്തുകയുമായിരുന്നുവെന്നും മൂസക്കുട്ടി ഹാജി കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ കേസിലാണ് കോടതി രണ്ട്, മൂന്ന്, നാല് വരെയുള്ള പ്രതികളെ ആറ് മാസത്തേക്ക് തടവിന് ശിക്ഷിച്ചത്.

Post a Comment

Previous Post Next Post
Paris
Paris