വോട്ടിംഗ് മെഷീനുകള്‍ ജെഡിടിയിലെ സ്‌ട്രോംഗ് റൂമുകളിൽ

 

കോഴിക്കോട് : ജില്ലയിലെ 13 മണ്ഡലങ്ങള്‍ക്കു പുറമെ, വടകര നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലും പോളിംഗിനായി ഉപയോഗിച്ച വിവിപാറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌ട്രോംഗ് റൂമുകളിലെത്തിച്ചു. പോളിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഇവിഎമ്മുടെ നീക്കം ഇന്നലെ രാവിലെ വരെ തുടര്‍ന്നു. മണ്ഡലം തല സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് ജിപിഎസ് ഘടിപ്പിച്ച കണ്ടെയിനര്‍ വാഹനങ്ങളില്‍ പോലിസ് എസ്‌കോര്‍ട്ടോടു കൂടിയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ സ്‌ട്രോംഗ് റൂമുകളില്‍ എത്തിച്ചത്. 





പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീനുകളും അനുബന്ധ രേഖകളും  പരിശോധിച്ച ശേഷം അവ പ്രത്യേക മുറികളിലേക്ക് മാറ്റി. അരക്കും തുണിയും ഉപയോഗിച്ച് മുറികളുടെ പൂട്ടുകള്‍ സീല്‍ ചെയ്യുകയും മരപ്പലക അടിച്ച് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തു. ഓരോ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ പ്രത്യേകം സ്‌ട്രോംഗ് റൂമുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. പോളിംഗ് തുടങ്ങിയ ശേഷം കേടായത് ഉള്‍പ്പെടെയുള്ള മെഷീനുകളാണ് സ്‌ട്രോള്‍ റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. മോക് പോളിംഗ് വേളയില്‍ തകരാര്‍ മൂലം മാറ്റിയ ഇവിഎമ്മുകളും കരുതല്‍ ശേഖരമായി കൊണ്ടുപോയ വോട്ടിംഗ് യന്ത്രങ്ങളും ചാത്തമംഗലത്തെ വെയര്‍ഹൗസിലേക്ക് മാറ്റി. 




സംസ്ഥാന പോലിസിനു പുറമെ സിഎപിഎഫ് കമാന്റോകളും ഉള്‍പ്പെടുന്ന ശക്തമായ സുരക്ഷയാണ് രണ്ട് മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ജെഡിടി ഹയര്‍ സെക്കന്ററി സ്‌കൂളിന് ഒരുക്കിയിരിക്കുന്നത്.  രണ്ട് തലങ്ങളിലുള്ള സുരക്ഷാസംവിധാനമാണ് സ്‌ട്രോംഗ് റൂമുകള്‍ക്ക് പുറത്തുണ്ടാവുക. ആദ്യ സുരക്ഷാവലയം സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സും പുറമേയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്‌ട്രോംഗ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരുക്കിയ കണ്‍ട്രോള്‍ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സിസിടിവി നിരീക്ഷിക്കും. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്‌ട്രോംഗ് റൂം തുറക്കുക.


പോളിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധപ്പെട്ട പോളിംഗ് രേഖകളുടെ സൂക്ഷ്മ പരിശോധന വരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കേന്ദ്ര നിരീക്ഷകരുടെയും പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കി.

Post a Comment

Previous Post Next Post
Paris
Paris