കല്‍പ്പറ്റ: വാകേരിയിലെ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി. കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. പ്രജീഷിനെ ആക്രമിച്ച് പത്തു ദിവസങ്ങൾക്ക് ശേഷമാണ് കടുവ കുടുങ്ങിയിരിക്കുന്നത്.
ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഇപ്പോള്‍ കടുവ കൂട്ടിലാകുന്നത്. ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂടല്ലൂര്‍ കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിലെ കൂട്ടിലാണിപ്പോള്‍ കടുവ. കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കടുവയെ പിടികൂടിയതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. എന്നാല്‍, കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു

Post a Comment