ഓപ്പറേഷന്‍ ഫോസ്‌കോസ്: ലൈസന്‍സില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നടപടി


തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി 4463 പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു.




പരിശോധനയില്‍ 458 സ്ഥാപനങ്ങള്‍ ലൈസന്‍സിനു പകരം റജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കു ലൈസന്‍സ് എടുക്കാനായി നോട്ടിസ് നല്‍കി. പുറമേ, ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് 756 സ്ഥാപനങ്ങള്‍ക്കും നോട്ടിസ് നല്‍കി. 112 സ്‌ക്വാഡുകളാണ് ലൈസന്‍സ് പരിശോധനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

തിരുവനന്തപുരം 612, കൊല്ലം 487, പത്തനംതിട്ട 251, ആലപ്പുഴ 414, കോട്ടയം 252, ഇടുക്കി 103, തൃശൂര്‍ 276, പാലക്കാട് 344, മലപ്പുറം 586, കോഴിക്കോട് 573, വയനാട് 150, കണ്ണൂര്‍ 281, കാസര്‍കോട് 134 എന്നിങ്ങനെയാണ് ഇന്ന് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിൽ ഓഗസ്റ്റ് 2, 3 തീയതികളിൽ പരിശോധന നടത്തും.

ഭക്ഷണം വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തിക്കാൻ പാടുള്ളൂവെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ നിർദേശിച്ചിരുന്നു. ഇതു നിയമപ്രകാരമുള്ള ബാധ്യത ആയിട്ടും ലൈസന്‍സ് എടുക്കാത്തതിനാലാണു ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്കു നീങ്ങിയത്. ഭക്ഷ്യസുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വേഗത്തിൽ തീരുമാനമെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post
Paris
Paris