ന്യൂഡല്‍ഹി: 2023 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ച് എ.ഐ.ഐ.എഫ്. 22 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. 23 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക. അതില്‍ മൂന്ന് താരങ്ങള്‍ക്ക് വയസ്സിളവ് ലഭിക്കും.
ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിംഗാന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവര്‍ ടീമിലിടം നേടി. ഈ മൂന്ന് താരങ്ങളെയും കളിപ്പിച്ചേക്കില്ല എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ താരങ്ങളെ കളിപ്പിക്കുമെന്ന് എ.ഐ.ഐ.എഫ് വ്യക്തമാക്കി. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് താരങ്ങളെ തിരഞ്ഞെടുത്തത്. മലയാളി താരം കെ.പി.രാഹുല്‍ ടീമിലിടം നേടി.
ചൈന, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഇനങ്ങളില്‍ മാത്രം ഗെയിംസില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകളുടെ സ്ഥാനം ഇതിന് താഴെയാണ്. ഈ മാനദണ്ഡമാണ് ഫുട്ബോള്‍ ടീമിനായി കേന്ദ്രം ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്. കടലുണ്ടിലൈവ്. ഈയിടെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ യുവനിരയ്ക്ക് മികവ് തെളിയിക്കാനുള്ള പ്രധാന അവസരമാണ് ഏഷ്യന്‍ ഗെയിംസ്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുറിനും കത്തെഴുതിയിരുന്നു.
ടീം ഇന്ത്യ: ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, ഗുര്‍മീത് സിങ്, ധീരജ് സിങ്.
പ്രതിരോധതാരങ്ങള്‍-സന്ദേശ് ജിംഗന്‍, അന്‍വര്‍ അലി, നരേന്ദര്‍ ഗെഹ്ലോട്ട്, ലാല്‍ചുന്‍ഗ്നുന്‍ഗ, ആകാശ് മിശ്ര, റോഷന്‍ സിങ്, ആശിഷ് റായ്.
മിഡ്ഫീല്‍ഡേഴ്‌സ്- ജീക്‌സണ്‍ സിങ്, സുരേഷ് സിങ്, അപൂയിയ, അമര്‍ജിത് സിങ്, രാഹുല്‍ കെ.പി, മഹേഷ് സിങ്
മുന്നേറ്റതാരങ്ങള്‍- ശിവശക്തി നാരായണ്‍, റഹിം അലി, അനികേത് യാദവ്, വിക്രം പ്രതാപ് സിങ്, രോഹിത് ദാനു, സുനില്‍ ഛേത്രി.

Post a Comment