പിടി വിട്ട് പച്ചക്കറി വില

 കോഴിക്കോട് : നിയന്ത്രണം തെറ്റി പച്ചക്കറി വില കുതിച്ചതോടെ സ്റ്റോക്കെടുപ്പ് കുറച്ച് വ്യാപാരികൾ. തക്കാളിയുടെയും ഇഞ്ചിയുടെയും വിലക്കയറ്റം അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ചതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്. 




പച്ചമുളക്, ബീൻസ്, ചെറിയ ഉള്ളി തുടങ്ങിയ അവശ്യ പച്ചക്കറികൾ വാങ്ങുന്നതിന്റെ അളവ് കുറഞ്ഞതോടെ പിടിച്ചു നിൽക്കാൻ സ്റ്റോക്കെടുപ്പ് കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കോഴിക്കോട് പാളയത്തെ മൊത്തക്കച്ചവടക്കാർ ഒരു ദിവസം 500 ബോക്സ് തക്കാളി ഇറക്കുന്നത് 200 ആക്കി കുറച്ചിരിക്കുകയാണ്. ചെറുകിടകച്ചവടക്കാരും സ്റ്റോക്കെടുപ്പ് കുറച്ചിട്ടുണ്ട്.

25 കിലോയുടെ ഒരു പെട്ടി നാടൻ തക്കാളി ഇന്നലെ വിറ്റത് 2250 രൂപയ്ക്കാണ്. വെള്ളിയാഴ്ച ഇത് 1900 ആയിരുന്നു. 100 മുതൽ 110 രൂപ വരെയാണ് പലയിടത്തും ചെറുകിട വില. ചില പ്രദേശങ്ങളിൽ കച്ചവടക്കാർ തോന്നുംപടി വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം കിലോയ്ക്ക് 20 രൂപയായിരുന്ന തക്കാളി വില 100-110ൽ എത്തിനിൽക്കുകയാണ്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്

ഇഞ്ചിയുടെയും സാമ്പാർ മുളകിന്റെയും വില ശരംപോലെ കുതിക്കുകയാണ്. ഇഞ്ചി വില 230 രൂപയായി. പച്ചമുളക് വില കിലോയ്ക്ക് 150 കടന്നു. ചില്ലറ വിപണിയിൽ 110-120 രൂപയാണ് ഒരു കിലോ പച്ചമുളകിനിപ്പോൾ. എന്റെ മുക്കം ന്യൂസ്‌.വെളുത്തുള്ളി, മല്ലിയില, പുതിനയില എന്നിവയ്ക്കും വില കുതിച്ചുയർന്നിട്ടുണ്ട്. ബീൻസിന് 100 കടന്നിരിക്കുകയാണ്. പയറിന് കിലോ 60 രൂപയാണ്. ചെറിയ ഉള്ളിയുടെ വില വീണ്ടും 100 ലെത്തി. അടുത്തൊന്നും അമ്പതു രൂപയ്ക്ക് മുകളിലേക്ക് ഉയരാത്ത ക്യാരറ്റ് വില ഒറ്റയടിക്കാണ് 100 ലെത്തിയത്. മൊത്ത വിപണിയിൽ കാരറ്റിന് 70 ആണ് വില. ബീറ്റ്റൂട്ട് 45, വെളുത്തുള്ളി 118, പാവക്ക 52, വെണ്ട 34, മുളക് 75, മുരിങ്ങ 40 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില. മല്ലിച്ചപ്പിന് വില 140 രൂപയാണ്. 60 രൂപയാണ് മല്ലിച്ചെപ്പിന് കൂടിയത്

കേരളത്തിലേക്ക് പച്ചക്കറി കയറ്റിയയക്കുന്ന ചില സംസ്ഥാനങ്ങളിൽ മഴ കൂടിയതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ചിലയിടങ്ങളിലുണ്ടായ മഴക്കുറവ് ഉത്പാദനത്തെ ബാധിച്ചതും കേരളത്തിന് തിരിച്ചടിയായി. മൈസൂരു, ബംഗളൂരു, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതലായും പച്ചക്കറി എത്തുന്നത്. തമിഴ്‌നാട്ടിൽ മഴ കനത്താൽ പച്ചക്കറി വില ഇനിയും ഉയർ‌ന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണം വരെ പച്ചക്കറി വില ഏറിയും കുറഞ്ഞുമിരിക്കുമെന്നും വ്യാപാരികൾ പറയുന്നു

കഴിഞ്ഞ വർഷം 100 കടന്ന വലിയ ഉള്ളിയ്ക്ക് വില ഉയരാത്തതാണ് ജനത്തിന് ആശ്വാസമായി. കുറച്ചു കാലമായി ഉള്ളി കിലോ വില 20 ൽ താഴെ തന്നെയാണ്. ഉരുളക്കിഴങ്ങ് വില 30ൽ നിൽക്കുകയാണ്

Post a Comment

Previous Post Next Post
Paris
Paris