വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം, നിലവിൽ വടക്കൻ ഒഡിഷക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും (ജൂൺ 26) നാളെയും (ജൂൺ 27) വ്യാഴവും(ജൂൺ 29) വെള്ളിയും (ജൂൺ 30) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും നാളെ (ജൂൺ 27) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
മോശം കാലാവസ്ഥ; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം
ബുധനാഴ്ച (ജൂൺ 28) വരെ കേരള തീരത്തും വെള്ളിയാഴ്ച (ജൂൺ 30) വരെ കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Post a Comment