ന്യൂഡൽഹി : 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ജനം തിരക്കു കൂട്ടേണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. സെപ്റ്റംബർ 30ന് ശേഷവും 2000 രൂപ നോട്ടുകൾ രാജ്യത്ത് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
‘രണ്ടായിരത്തിന്റെ നോട്ട് മാറ്റാനായി ആരും ബാങ്കുകളിലേക്ക് ധൃതിയിൽ പോകേണ്ട കാര്യമില്ല. സെപ്റ്റംബർ 30 വരെ നിങ്ങൾക്കു മുന്നിൽ നാലു മാസം സമയമുണ്ട്. വിഷയത്തെ ഗൗരവത്തോടെ സമീപിക്കാൻ വേണ്ടി മാത്രമാണ് സമയപരിധി നിശ്ചയിച്ചത്. ചൊവ്വാഴ്ച മുതൽ നോട്ടുകൾ സ്വീകരിക്കാനും മാറ്റി നൽകാനും വേണ്ട സൗകര്യം ചെയ്യണമെന്നു ബാങ്കുകളോടു നിർദേശിച്ചിട്ടുണ്ട്. മാറ്റിയെടുക്കാൻ ആവശ്യമായതിനേക്കാൾ അധികം നോട്ടുകൾ പ്രിന്റ് ചെയ്ത് ലഭ്യമാക്കിയിട്ടുണ്ട്.’’– ശക്തികാന്ത ദാസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഒറ്റത്തവണ മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയും പ്രത്യേക അപേക്ഷാ ഫോമും ആവശ്യമില്ലെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വ്യക്തമാക്കി. ഒരു ദിവസം എത്രതവണ േവണമെങ്കിലും ആർക്കും ഈ രീതിയിൽ എസ്ബിഐ ശാഖകളിൽനിന്നു നോട്ട് മാറ്റിയെടുക്കാം. ഇതിന് ബാങ്കിൽ അക്കൗണ്ട് വേണ്ട.
ഓരോ തവണയും മാറ്റിയെടുക്കുന്നതിന്റെ പരിധി 20,000 രൂപയായിരിക്കും. അതായത്, ഒരു തവണ ക്യൂവിൽനിന്ന് രണ്ടായിരത്തിന്റെ 10 നോട്ടുകൾ മാറ്റിയെടുക്കാം. പിന്നാലെ ആ ക്യൂവിൽ വീണ്ടും ചേർന്ന് അത്രയും തന്നെ തുക മാറാം. ബാങ്കിൽ അക്കൗണ്ടുള്ളവർക്കു രണ്ടായിരത്തിന്റെ എത്ര നോട്ടുകൾ വേണമെങ്കിലും പരിധിയില്ലാതെ നിക്ഷേപിക്കാം. മറ്റു ബാങ്കുകളും വരുംദിവസങ്ങളിൽ സമാന നിർദേശമിറക്കിയേക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കും.

Post a Comment