2.44 കോടി അബദ്ധത്തില്‍ അക്കൗണ്ടിലെത്തി,അര്‍മാദിച്ച് ചെലവാക്കി,തൃശൂരില്‍ രണ്ടുപേര്‍ പിടിയിലായി



തൃശ്ശൂര്‍: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങള്‍ അറിയാതെ രണ്ടുകോടി രൂപ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ ഒന്ന് അന്ധാളിച്ചു. പിന്നെ അര്‍മാദിച്ച് ചെലവാക്കാന്‍ തുടങ്ങി. ഒടുവില്‍ ആപ്പിലാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ അറസ്റ്റിലായി. 2.44 കോടി രൂപയാണ് ഇവര്‍ ചെലവാക്കിയത്. സൈബര്‍ ക്രൈം പോലീസാണ് ഇവരെ പിടികൂടിയത്.




പുതുതലമുറ ബാങ്കുകളിലൊന്നിലാണ് സംഭവം. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയത്. കോടികള്‍ അക്കൗണ്ടിലായതോടെ ഇവര്‍ മത്സരിച്ച് ചെലവാക്കാനും തുടങ്ങി. ചെലവാക്കുംതോറും പണം പിന്നെയും വന്നു. ഇതുപയോഗിച്ച് ഫോണ്‍ ഉള്‍പ്പെടെ പലതും വാങ്ങി.

ഷെയര്‍ മാര്‍ക്കറ്റിലും മറ്റും പണമിറക്കി. കടങ്ങള്‍ വീട്ടി. ട്രേഡിങ് നടത്തി. എല്ലാംകൂടി 2.44 കോടി ചെലവാക്കി. ഘട്ടംഘട്ടമായി എത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 171 ഇടപാടുകളാണ് നടത്തിയത്. ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

ബാങ്ക് പരാതിപ്പെട്ടതോടെയാണ് പോലീസ് ഇവരെ തേടിയെത്തിയത്. അറസ്റ്റിലായയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയനനീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അബദ്ധത്തില്‍ കോടികള്‍ ഇവരുടെ അക്കൗണ്ടിലെത്തിയതെന്ന് കരുതുന്നു. ലയനസമയത്തെ സാഹചര്യം ഇവര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരേ മറ്റ് കേസുകള്‍ നിലവിലില്ലെന്ന് പോലീസ് പറയുന്നു.

ഇവര്‍ ചെലവാക്കിയതില്‍ ഭൂരിഭാഗം തുകയും തിരിച്ചുപിടിക്കാനായി എന്നറിയുന്നു. എന്നാല്‍, ഏതാനും ലക്ഷങ്ങള്‍ കിട്ടാനുണ്ട്. അനര്‍ഹമായ തുക ചെലവാക്കിയതാണ് ഇവര്‍ക്ക് വിനയായത്. ഇങ്ങനെ കൂടുതല്‍ പണം അക്കൗണ്ടില്‍ വന്നാല്‍ ബാങ്കിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് പോലീസ് പറയുന്നു.

1 Comments

Post a Comment

Previous Post Next Post
Paris
Paris