തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്കുള്ള എൽ.എസ്.എസ്., യു.എസ്.എസ്., സ്‌കോളർഷിപ്പ് തുക വിതരണം മുടങ്ങിയിട്ട് മൂന്നു വർഷം. ഓൺലൈൻ സംവിധാനത്തിലേക്കു മാറാനുള്ള നടപടികൾ വൈകിയതാണ് വിദ്യാർഥികളെ വലയ്ക്കുന്നത്. ഈ വർഷത്തെ സ്‌കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചെങ്കിലും തുക വിതരണം എന്നു തുടങ്ങുമെന്ന് വ്യക്തമല്ല.
എൽ.എസ്.എസ്. നേടുന്നവർക്ക് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് വർഷം 1000 രൂപ വീതമാണ് സ്കോളർഷിപ്പ്. യു.എസ്.എസ്. നേടുന്നവർക്ക് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് 1500 രൂപ വീതവും ലഭിക്കും. 2018-19 അധ്യയന വർഷം വരെയുള്ള കുടിശ്ശികയേ തീർത്തിട്ടുള്ളൂവെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
സ്‌കോളർഷിപ്പ് ജേതാക്കൾക്ക് ബാങ്ക് അക്കൗണ്ടുവഴി നേരിട്ടു പണം ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനത്തിലേക്ക് മാറണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതിനുള്ള ക്രമീകരണം ഇനിയും പൂർത്തിയായിട്ടില്ല. ഇതോടെ 2019-20 മുതൽ വിതരണവും മുടങ്ങി
പരീക്ഷാഭവനാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. ജേതാക്കളായ കുട്ടികളുടെ അക്കൗണ്ട് ഓൺലൈൻ സംവിധാനത്തിലാക്കി സ്കോളർഷിപ്പ് മുടങ്ങാതെ ലഭ്യമാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, നടപടിക്രമങ്ങൾ വേഗത്തിൽ മുന്നോട്ടുപോയില്ല.
അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭ്യമാക്കുന്ന സംവിധാനം പൂർത്തിയായിവരുന്നതായും ഉടൻ വിതരണം തുടങ്ങുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കുടിശ്ശിക തീർക്കാൻ 30 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Post a Comment