ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 132 ആയി. 170 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണ്. ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പാലം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് ഇത് പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഗാന്ധിനഗറിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ പടിഞ്ഞാറുള്ള മോർബി പട്ടണത്തിലെ പാലത്തിൽ അപകടസമയത്ത് 500ഓളം ആളുകൾ ഉണ്ടായിരുന്നു
പാലം കഴിഞ്ഞയാഴ്ചയാണ് പുതുക്കി പണിതത്. സംഭവത്തിൽ ഞങ്ങളും ഞെട്ടിപ്പോയി,എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്,” സംസ്ഥാന തൊഴിൽ മന്ത്രി ബ്രിജേഷ് മെർജ പ്രതികരിച്ചു. ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തകരും നാട്ടുകാരും അപകടത്തിലകപ്പെട്ടവരെ രക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ നിരവധി ആളുകൾ തകർന്ന പാലത്തിന്റെ കൈവരികളിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നു. ഭാഗികമായി വെള്ളത്തിനടിയിലായ പാലത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും നീന്തുന്നതും വീഡിയോകളിൽ കാണാം. മുങ്ങൽവിദഗ്ധരെയും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കാർ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ എസ്ഐടി രൂപീകരിച്ചു. എഞ്ചിനീയറിങ് വിദഗ്ദ്ധരടക്കം സംഘത്തിലുണ്ടാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് 1879 ൽ മച്ഛു നദിക്ക് കുറുകെ നിർമ്മിച്ചതാണ് ഈ പാലം

Post a Comment