ലഹരി ഉപയോ​ഗം; സഭയിൽ ശബ്ദം ഇടറി വി ഡി സതീശൻ; കേരളത്തിലെ എല്ലാ മാതാപിതാക്കളും പ്രതിപക്ഷ നേതാവിന്റെ ഈ വാക്കുകൾ അറിയണം


തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരി ഉപയോ​ഗത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ വൈറലാകുന്നു. ഇന്നലെ നിയമസഭയിലാണ് വി ഡി സതീശൻ അനുഭവം പങ്കുവെച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനെ കുറിച്ച് പറഞ്ഞു തുടങ്ങിയ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇരുപക്ഷവും ​തികഞ്ഞ ​ഗൗരവത്തോടെയാണ് കേട്ടത്.




ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാംതവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ്.’ സതീശൻ പറഞ്ഞു.

നമ്മുടെ കുഞ്ഞുങ്ങൾക്കായി എല്ലായിടത്തും ചതിക്കുഴികൾ ഒരുക്കപ്പെട്ടിരിക്കുകയാണ്. രണ്ടു കൊല്ലത്തിനിടെ ലഹരിക്കടത്തിന് പിടിയിലായവരിൽ 1978 പേരും 21 വയസിന് താഴെയുള്ളവരാണ്. ഇതിന്റെ അഞ്ചിരട്ടി പിടിയിലാകാത്തവരുണ്ട്. സംസ്ഥാനത്തെ ലഹരി വ്യാപനം അജണ്ടയാക്കി യു.ഡി.എഫ് പ്രത്യേക യോഗം ചേർന്ന് ഗൗരവതരമായ ചർച്ച നടത്തി. സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ പ്രതിപക്ഷവും യു.ഡി.എഫും ആദ്യാവസാനം ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയാണ്. നമ്മളെല്ലാം ഒന്നിച്ച് നിന്ന് നമ്മുടെ വരും തലമുറയെ രക്ഷിക്കാനുള്ള ശ്രമം നടത്തണം. ലഹരി ഉപഭോഗം മാനസികാരോഗ്യ പ്രശ്നമായി വളർന്നു വരികയാണ്.- സതീശൻ പറഞ്ഞു.
കൈവശം വയ്ക്കുന്ന ലഹരി വസ്തുവിന്റെ അളവ് ഒരു കിലോയിൽ താഴെയാണെങ്കിൽ പിടിയിലാകുന്ന പ്രതികൾക്ക് ജാമ്യം കിട്ടും. ജാമ്യം കിട്ടിയാൽ അവർ വീണ്ടും ഇതേ കുറ്റകൃത്യം ആവർത്തിക്കും. നിലവിലെ നിയമത്തിലുള്ള പഴുതുകളും ഇല്ലാതാക്കണം. ലഹരി വസ്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കുറ്റകൃതൃങ്ങൾ തടയാൻ എക്സൈസ് വിഭാഗത്തിന്റെ സേനാബലം വർധിപ്പിക്കണം. കുറ്റവാളികളെ സംബന്ധിച്ച എല്ലാവിവരങ്ങളും ഉൾപ്പെടുന്ന ഡേറ്റാ ബാങ്കും സജ്ജമാക്കണം. ഡേറ്റാ ബാങ്കിലൂടെ തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്നവരെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലഹരി മരുന്ന് വാഹകരെ പിടികൂടുന്നുണ്ടെങ്കിലും യാഥാർത്ഥ സ്രോതസിലേക്ക് എത്താൻ സാധിക്കുന്നില്ല. കോടികളുടെ ബിസിനസാണ് ഇതിന് പിന്നിൽ നടക്കുന്നത്. ലഹരി ഉപയോഗം കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. കോട്ടയത്ത് 19 കാരനെ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച് രണ്ട് വിരലുകൾ ഉപയോഗിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ചു. മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് അടിച്ചു കൊന്നു. അപകടകരമായ രീതിയിലുള്ള ലഹരി മരുന്ന് ഉപയോഗമാണ് ഈ ക്രൂരതകൾക്ക് പിന്നിൽ. സ്പോർട്സ് സംവിധാനം ശക്തമാക്കി ഫിറ്റ്നെസ് അവബോധം വളർത്തി ഹരിയാന സംസ്ഥാനം മയക്ക് മരുന്ന് ഉപഭോഗത്തെ തടഞ്ഞിട്ടുണ്ട്.

ഇത്തരത്തിലുള്ള സാധ്യതകൾ കേരളവും തേടണം. റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ളവരെ ബോധവത്ക്കരണത്തിന് നിയോഗിച്ചാൽ ലഹരി മരുന്ന് ഉപഭോഗവും വ്യാപനവും ഒരു പരിധിവരെ തടയാനാകുമെന്നും സതീശൻ പറഞ്ഞു. അതേസമയം കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും ലഹരിവിമുക്ത ജനജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

ഇതിനു പിടിഎയും നാട്ടുകാരും മുൻകയ്യെടുക്കണം. ലഹരി വിൽക്കുന്നവരും വിദ്യാർത്ഥികളും ഇടപഴകാത്ത രീതിയിൽ സ്‌കൂളുകൾക്കു മതിലുകൾ നിർമ്മിക്കണം. ഇതിനു വ്യാപാരിസമൂഹവും സഹകരിക്കണം. ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികളിൽ അതിന്റെ ചുമതലക്കാർ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കണം. യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്നു രക്ഷിക്കുകയെന്നതു ഭരണ, പ്രതിപക്ഷ ഭേദമുള്ള വിഷയമല്ലെന്ന മുഖവുരയോടെയാണു നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി നൽകിയത്.

സ്‌കൂൾ പരിസരത്ത് ലഹരി വിൽക്കുന്നവർക്കെതിരെ ബാലനീതി നിയമം ചുമത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നു നോട്ടിസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് പറഞ്ഞു. എക്‌സൈസിനു ബാലനീതി നിയമം പ്രയോഗിക്കാൻ അധികാരം നൽകണമെന്നും അംഗബലം വർധിപ്പിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris