അരങ്ങു തകർത്ത് ഓണോത്സവം; 7 വേദികളിലും വൻ ജനാവലി


കോഴിക്കോട് : മഴ മാറി നിന്ന സായാഹ്നത്തിൽ ഓണാഘോഷ വേദികളിൽ സംഗീത നൃത്ത പരിപാടികൾ അരങ്ങു തകർത്തു. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായുള്ള 7 വേദികളിലും, ജലോത്സവം നടന്ന ഫറോക്കിലെ ചാലിയാറിന്റെ ഇരുകരകളിലും ഫറോക്കിലെ ഇരുപാലങ്ങളിലും വൻ ജനാവലിയാണ് ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷ പരിപാടികൾ ആസ്വദിക്കാനായി തടിച്ചുകൂടിയത്. ജില്ലാ ഭരണകൂടവും സംസ്ഥാന ടൂറിസം വകുപ്പും ഡിടിപിസിയും ചേർന്നൊരുക്കിയ പരിപാടികൾ ഇന്ന് സമാപിക്കും. ബ്രിട്ടനിലെ എലിസബത്ത് രാഞ്ജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ദുഃഖാചരണം നടക്കുന്നതിനാൽ ഇന്ന് ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടന്നു കൊണ്ടിരിക്കുന്ന ഓണാഘോഷ പരിപാടികൾ തുടരും




മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.രണ്ടാം ദിവസമായ ഇന്നലെ, മുഖ്യ വേദിയായ ബീച്ച് ഫ്രീഡം സ്ക്വയറിൽ ശ്രീകാന്ത്–അശ്വതി ദമ്പതികളുടെ ക്ലാസിക്കൽ നൃത്തമായിരുന്നു മുഖ്യആകർഷണം. എന്റെ കേരളം എന്ന ഗാനത്തിനു ചുവടുവച്ചാണ് ശ്രീകാന്തും അശ്വതിയും സംഘവും വേദിയിലെത്തിയത്. കൃഷ്ണലീലകളിലെ കുസൃതിയും ശിവ–പാർവതി ബന്ധത്തിലെ തീവ്രതയും നൃത്തച്ചുവടുകളിൽ നിറഞ്ഞു. തുടർന്ന്, നടനും സംവിധായകനുമായ നാദിർഷയുടെ നേതൃത്വത്തിലുള്ള സംഘം സംഗീത –നൃത്ത– ഹാസ്യ പരിപാടികൾ അവതരിപ്പിച്ചു.ഭട്ട് റോഡിലെ വേദിയിൽ മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേവാനന്ദ്, നയൻ ജെ. ഷാ, ഗോപിക മേനോൻ എന്നിവരുടെ ഗാനമേള അരങ്ങേറി

കുറ്റിച്ചിറയിലെ വേദിയിൽ സൂഫി സംഗീതം ഭക്തിയുടെ ഭാവഗാനങ്ങൾ ഉയർത്തി. സമീർ ബിൻസിയും ഇമാം ബജ്ബൂറും മിഥുലേഷ് ചോലക്കലും ചേർന്ന് അവതരിപ്പിച്ച സൂഫി സംഗീതം നാരായണഗുരു, നിത്യചൈതന്യയതി എന്നിവരുടെ യോഗാത്മക ശീലുകൾ, ഖുർആൻ, ബൈബിൾ, ഉപനിഷത് വാക്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയതോടെ ഭക്തിസാന്ദ്രമായി. അക്ബർ മലപ്പുറം, അസ്‍ലം തിരൂർ, സുഹൈൽ, മുബഷീർ, ശബീർ എന്നിവർ വിവിധ സംഗീതോപകരണങ്ങളുമായി അകമ്പടി സേവിച്ചു. ബേപ്പൂരിലെ വേദിയിൽ ചടുല സംഗീതത്തിന്റെ വക്താക്കളായ ചിത്ര അയ്യരും അൻവർ സാദത്തും അതിവേഗ പാട്ടുകളുമായി സംഗീതാസ്വാദകരെ കയ്യിലെടുത്തു 

അതേ സമയം തന്നെ തളിയിൽ സുധാ രഘുനാഥും സംഘവും കർണാട്ടിക് സംഗീതക്കച്ചേരിയിൽ ജനകീയ കീർത്തനങ്ങൾ അവതരിപ്പിച്ച് സംഗീതാസ്വാദകരെ കീഴടക്കി. തിരുവിഴ വിജു എസ്.ആനന്ദ് (വയലിൻ), നാഞ്ചിൽ അരുൾ (മൃദംഗം), ആദിച്ചനെല്ലൂർ അനിൽകുമാർ (ഘടം) എന്നിവർ അകമ്പടി സേവിച്ചു.ഫറോക്ക് ചാലിയാറിൽ നടന്ന ജലോത്സവത്തിലെ വള്ളംകളിയുടെ ലൂസേഴ്സ് ഫൈനൽ മത്സരത്തിനിടയിൽ ഒരു വള്ളംമുങ്ങിയത് പരിഭ്രാന്തി പരത്തിയെങ്കിലും രക്ഷാപ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ വള്ളത്തിലെ 25 പേരെയും രക്ഷപ്പെടുത്തി. കേരള ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഫറോക്ക് പുതിയപാലത്തിനും പഴയ പാലത്തിനും ഇടയിലാണ് വള്ളംകളി അരങ്ങേറിയത്

തുഴവേഗത്തിന്റെ താളം തീർക്കാൻ 10 ബോട്ട് ക്ലബുകളാണുണ്ടായിരുന്നത്. ജലോത്സവം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.മാനാഞ്ചിറസ്ക്വയറിലെ ഓപ്പൺ എയർ സ്റ്റേജിൽ നാടൻപാട്ടുകളും കളികളും അരങ്ങേറി. അവിടെ തെയ്യങ്ങളും ഓണാഘോഷത്തിനു വർണപ്പകിട്ടൊരുക്കി. മാനാഞ്ചിറ സ്ക്വയറിലെ പ്രധാനവേദിയിൽ അമ്പെയ്ത്തു മത്സരം, എയ്റോബിക്സ്, മ്യൂസിക്കൽ ചെയർ എന്നിവയായിരുന്നു. വയോജനങ്ങൾക്കായി നടന്ന മ്യൂസിക്കൽ ചെയർ മത്സരം മാനാഞ്ചിറ സ്ക്വയറിനെ ആവേശത്തിലാഴ്ത്തി. ടൗൺഹാളിലെ നാടക വേദിയിൽ‘ മക്കൾക്ക്’ എന്ന നാടകവുമുണ്ടായി

Post a Comment

Previous Post Next Post
Paris
Paris