കൊടുവള്ളി: വാഹനങ്ങൾക്ക് കടന്നുപോകാവുന്നതരത്തിൽ വീതിയുള്ള ഒരു പാലത്തിനായി എരഞ്ഞോണയിലെ ജനങ്ങൾ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. നഗരസഭയിലെ എരഞ്ഞോണ ഡിവിഷനെ കത്തറമ്മൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന കാൽ നൂറ്റാണ്ടോളം പ്രായമുള്ള ഇടുങ്ങിയ ജീർണിച്ച നടപ്പാലത്തിന് പകരം ഗതാഗതയോഗ്യമായ പുതിയ പാലം നിർമിക്കണമെന്ന ആവശ്യമാണ് യാഥാർഥ്യമാവാതെപോകുന്നത്.
കാലപ്പഴക്കവും പൂനൂർപ്പുഴയിൽ ഒട്ടേറെ തവണയുണ്ടായ വെള്ളപ്പൊക്കവും നിലവിലെ എരഞ്ഞോണ നടപ്പാലം പലസ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് ജീർണാവസ്ഥയിലാണ്. നിലവിൽ ചെറിയ ഓട്ടോറിക്ഷകൾക്ക് കഷ്ടിച്ച് കടന്നുപോവാൻ കഴിയുന്ന നടപ്പാലത്തിലൂടെ സ്‌കൂൾ വാഹനങ്ങളായി ഉപയോഗിക്കുന്ന ഓട്ടോ ടാക്‌സികൾക്കുപോലും ഗതാഗതം സാധ്യമല്ല.
അടിയന്തരഘട്ടങ്ങളിൽ രോഗികളെയും കൊണ്ട് സ്വകാര്യവാഹനങ്ങളിലും ആംബുലൻസുകളിലും മറ്റും ആശുപത്രിയിലേക്ക് എത്തിക്കണമെങ്കിൽ വാവാട്-പരപ്പൻപൊയിൽ വഴി കിലോമീറ്ററുകൾ യാത്രചെയ്യേണ്ട ദുരവസ്ഥയാണ്. കടകളിലേക്ക് കാർഷികവിളകൾ കൊണ്ടുപോവണമെങ്കിലും മറ്റു വഴികളിലൂടെ കിലോമീറ്ററുകൾ യാത്ര ചെയ്യണം.
പൂനൂർപ്പുഴയ്ക്ക് കുറുകെ തീർത്ത നടപ്പാലം
പൂനൂർപ്പുഴയുടെ ഒരു കിലോമീറ്ററോളം വരുന്ന ഭാഗം എരഞ്ഞോണ പ്രദേശത്തോട് ചേർന്നാണ് ഒഴുകുന്നത്. ഇതിന് കുറുകെയാണ് കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിനെയും കൊടുവള്ളി നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലം 1998-ൽ നിർമിക്കുന്നത്. ബി.വി. അബ്ദുള്ളക്കോയയുടെ എം.പി. ഫണ്ട് ഉപയോഗിച്ചാണ് അന്ന് നടപ്പാലം യാഥാർഥ്യമാക്കിയത്. കാലം മാറി ഗതാഗതസൗകര്യം അനിവാര്യമായതോടെ വീതികൂടിയ പുതിയ പാലത്തിനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാറിമാറി വന്ന ജനപ്രതിനിധികളെയെല്ലാം കണ്ട് നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
സമയനഷ്ടം കുറയ്ക്കും; യാത്രാദുരിതവും
ഇടത്തരം വാഹനങ്ങൾക്കെങ്കിലും സഞ്ചരിക്കാവുന്നതരത്തിൽ പാലം യാഥാർഥ്യമായാൽ പ്രദേശത്തുകാർക്ക് ഇവിടെനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
ഇപ്പോൾ കത്തറമ്മൽ, ചോയിമഠം, കാന്തപുരം, പൂനൂർ, ബാലുശ്ശേരി, എളേറ്റിൽ വട്ടോളി, പന്നൂർ ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ വാവാട്, പരപ്പൻപൊയിൽ വഴിയോ എരഞ്ഞോണ-തൈപ്പൊയിൽ-വാടിക്കൽ റോഡ് വഴിയോ മൂന്ന് കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കണം.
എരഞ്ഞോണയിൽനിന്ന് നൂറുകണക്കിന് ആളുകളാണ് ദിവസവും കത്തറമ്മൽ അങ്ങാടിയുമായി ബന്ധപ്പെടുന്നത്. ഇതിന് പുറമേ വലിയപറമ്പ് എ.എം.യു.പി. സ്‌കൂൾ, മദ്രസ, എളേറ്റിൽ എം.ജെ.എച്ച്. എസ്.എസ്. എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും എരഞ്ഞോണ മേഖലയിൽ ധാരാളമുണ്ട്.
അപ്രോച്ച് റോഡിന് സ്ഥലം ലഭിക്കണം
അപ്രോച്ച് റോഡിന് സ്ഥലം ലഭിക്കാത്തതാണ് പാലം നിർമാണത്തിന് പ്രധാന തടസ്സമായിനിൽക്കുന്നത്. കൊടുവള്ളി നഗരസഭയുടെ ഭാഗത്ത് അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലമുണ്ടെങ്കിലും കിഴക്കോത്ത് പഞ്ചായത്തിന്റെ ഭാഗത്ത് അപ്രോച്ച് റോഡിന് വീതി വളരെ കുറവാണ്. റോഡിനോട് ചേർന്ന് ഇവിടെ പലയിടത്തും വീടുകൾ സ്ഥിതിചെയ്യുന്നതാണ് അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ലഭിക്കാത്തതിന് കാരണം. മുൻ എം.എൽ.എ.മാരായ വി.എം. ഉമ്മറും കാരാട്ട് റസാഖും അപ്രോച്ച് റോഡിനായി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദുവും കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്‌റിയും ചേർന്ന് എരഞ്ഞോണ കടവിൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് നിലവിലെ എം.എൽ.എ. എം.കെ. മുനീറിന് നിവേദനം നൽകിയിരിക്കുകയാണ്.

Post a Comment