കോഴിക്കോട്: കേരളത്തിലെ മുഴുവൻ വ്യാപാരികളെയും കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാജു അപ്സര പറഞ്ഞു. ഓൺലൈൻ വ്യാപാര മേഖലയുടെയും കോർപ്പറേറ്റ് റീട്ടെയിൽ കമ്പനികളുടെയും കടന്നുകയറ്റ ഭീഷണി മറികടക്കാൻ കേരളത്തിലെ ചെറുകിട വ്യാപാരികളെ മുഴുവൻ ഉൾപ്പെടുത്തി ഒരു സമാന്തര ഓൺലൈൻ കോർപ്പറേറ്റ് കമ്പനി രൂപവത്കരിക്കുകയും എല്ലാ വ്യാപാരികളെയും ഈ കമ്പനിയുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കി ഓഹരിയുടമകളായി രൂപപ്പെടുത്തുകയും ചെയ്യും.
വ്യാപാരികൾക്കു ഗുണകരമാകുന്ന തരത്തിൽ ഒരു നിയമസഹായ വ്യവസ്ഥ രൂപവത്കരിക്കും. വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങളുടെയും സർക്കാരുകളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ഒരു ദൃശ്യ മാധ്യമ വാർത്താചാനൽ ആരംഭിക്കുന്നതും ഭാവിപദ്ധതികളിൽപെടുന്നു. വ്യാപാരികളുടെ മക്കൾക്കു വേണ്ടി ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക, വ്യാപാരികൾക്കും കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷയും സൗജന്യ ആരോഗ്യ ചികിത്സാ സംവിധാനങ്ങളും ഒരുക്കുക, മുതിർന്ന വ്യാപാരികൾക്ക് പെൻഷൻ സമ്പ്രദായം ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്.
കച്ചവടത്തിൽ കുറവു വരാത്ത വിധം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം 10 മണിക്കൂറായി ഏകീകരിച്ചുകൊണ്ട് വ്യാപാരികളുടെ മാനസികവും സാമൂഹികവും കുടുംബപരവുമായ ജീവിതാന്തരീക്ഷം ആരോഗ്യപരമായി നിലനിർത്താനുള്ള പദ്ധതി ആവിഷ്കരിക്കും. കേരളത്തിലെ മുഴുവൻ വ്യാപാരികൾക്കും തിരിച്ചറിയൽ കാർഡ് നൽകും.
ദേശീയ ദുരന്ത നിവാരണ നിയമത്തിൽ കൊമേഴ്സ്യൽ സ്ഥാപനങ്ങൾക്കു കൂടി നഷ്ടപരിഹാരത്തിന് വ്യവസ്ഥ ഏർപ്പെടുത്തുക, വാടകക്കെട്ടിടങ്ങളിലിരിക്കുന്ന വ്യാപാരികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, വ്യവസായ സ്ഥാപനങ്ങളെപ്പോലെ മൂന്നു വർഷത്തെ സ്റ്റാർട്ട് അപ്പ് പോളിസി നടപ്പിലാക്കുക, വഴിവാണിഭങ്ങൾ ശക്തമായി നിയമം മൂലം നിയന്ത്രിക്കുക, വ്യാപാര മന്ത്രാലയം നടപ്പിലാക്കുക, വികസന പ്രവർത്തനങ്ങൾക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും നൽകുക തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിനോട് ഉന്നയിക്കാനുള്ളതെന്നും രാജു അപ്സര വ്യക്തമാക്കി.
വ്യാപാര മേഖലയുടെ സാമൂഹികമായും സാമ്പത്തികമായുമുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ജനാധിപത്യ ഭരണ സംവിധാനങ്ങളിൽ ഭാഗഭാക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment