കോഴിക്കോട് 255 കോടി ചെലവിൽ രണ്ട് മേൽപ്പാലങ്ങൾക്ക് നടപടി തുടങ്ങിയെന്ന് മന്ത്രി


മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് സ്ഥലമെടുപ്പ് 30-നകം പൂർത്തിയാക്കും.

അരീക്കാട്-മീഞ്ചന്ത-വട്ടക്കിണർ മേൽപ്പാലത്തിന് 170 കോടി

 ചെറുവണ്ണൂർ മേൽപ്പാലത്തിന് 85 കോടി 




കോഴിക്കോട്: 255 കോടി രൂപ ചെലവഴിച്ച് നഗരത്തിൽ രണ്ട് മേൽപ്പാലങ്ങൾ വരുന്നു. ഒരു കിലോമീറ്ററോളം നീളമുള്ള അരീക്കാട്-മീഞ്ചന്ത-വട്ടക്കിണർ മേല്പാലത്തിന് 170 കോടിയും ചെറുവണ്ണൂർ മേൽപ്പാലത്തിന് 85 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ അരീക്കാട് മേല്പാലം പൂർത്തിയാവുമ്പോൾ ജില്ലയിൽ ഏറ്റവും നീളമേറിയതായിരിക്കും.

തിങ്കളാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് സ്ഥലമെടുപ്പടക്കമുള്ള നടപടികൾ ത്വരപ്പെടുത്താൻ തീരുമാനിച്ചു. നിർമാണത്തിനുള്ള വകുപ്പുതല നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. നഗരവികസന പദ്ധതിയിൽപ്പെടുത്തിയായിരിക്കും മേല്പാലങ്ങൾ നിർമിക്കുക.

പണിതുടങ്ങിയിട്ടും നിലച്ചുപോയതും സമയബന്ധിതമായി കരാറുകാർ പൂർത്തീകരിക്കാത്തതുമായ റോഡ് നിർമാണം പുനരാരംഭിക്കാൻ നടപടികളുണ്ടാവും. അടിവാരം-കൈതപ്പൊയിൽ റോഡ്, ഈങ്ങാപ്പുഴ-ഓമശ്ശേരി റോഡ്, പന്നൂർ-നരിക്കുനി റോഡ് എന്നിവയുടെ നിർമാണം വേഗത്തിലാക്കും. കരാറുകാർ കാലതാമസമുണ്ടാക്കുമ്പോൾ റീ ടെൻഡർ, കരിമ്പട്ടികയിൽ ഉൾപ്പെടുത്തൽ, ടെർമിനേഷൻ തുടങ്ങിയ നടപടികളുണ്ടാവും. ദേശീയപാത വികസനം വേഗത്തിലാക്കും. തീരദേശപാതയും മലയോരപാതയും സമയബന്ധിതമായി പൂർത്തിയാക്കും.

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് സ്ഥലമെടുപ്പ് ഈമാസം 30-നകം പൂർത്തിയാക്കും. നിർമാണത്തിലിരിക്കെതന്നെ നിലംപൊത്തിയ കൂളിമാട് പാലത്തിന്റെ പണി വേഗത്തിലാക്കും. നിർമാണത്തിന്റെ നിലവാരം ഉറപ്പാക്കും. എം.എൽ.എ.മാരായ ഡോ. എം.കെ. മുനീർ, തോട്ടത്തിൽ രവീന്ദ്രൻ, കെ.കെ. രമ, കെ.എം. സച്ചിൻദേവ്, കെ.പി.കുഞ്ഞമ്മദ്കുട്ടി, പി.ടി.എ. റഹീം, ലിന്റോ ജോസഫ്, കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി എന്നിവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris