തമിഴ്‌നാട്: ദീപാവലി ആഘോഷങ്ങള്‍ക്കിടെ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് മരണപ്പെട്ടത്. പടക്കം കൂട്ടത്തോടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ബദ്രിനാഥിന്റെ പിതാവ് മൂര്‍ത്തി, മാതാവ് ശരണ്യ എന്നിവർക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടു ദിവസം മുമ്പ് തമിഴ്‌നാട്ടിലെ മധുരയിലും സമാന സംഭവം നടന്നിരുന്നു. മേലൂരിൽ ദീപാവലി ആഘോഷത്തിനായി വാങ്ങിയ പടക്കം പൊട്ടിത്തെറിച്ച് 20 വയസ്സുകാരനായ കോളജ് വിദ്യാർഥി മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയാണ് സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഈ ദുരന്തം ഉണ്ടായത്. സ്ഫോടനത്തിൽ വീടിന്റെ മുകൾ നിലയുടെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. അപകടത്തിൽ വിദ്യാർഥിയുടെ സുഹൃത്തിനും സുഹൃത്തിന്റെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഞായറാഴ്ച രാവിലെ വരെ 1387 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് തമിഴ്‌നാട് എമര്‍ജന്‍സി മാനേജ്‌മെന്റ് സര്‍വിസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. ആഘോഷങ്ങളിൾക്കിടയിൽ ജാഗ്രത പാലിക്കണമെന്നും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

Post a Comment