അങ്കണവാടി കുരുന്നുകൾക്ക് സ്നേഹസമ്മാനങ്ങളുമായി കുട്ടി ചാച്ചാജിമാർ; വേറിട്ട ശിശുദിനാഘോഷവുമായി പാഴൂർ എയുപി സ്കൂൾ



 പാഴൂർ : ശിശുദിനത്തോടനുബന്ധിച്ച് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മനോഹരമായ സന്ദേശം പകർന്ന് പാഴൂർ എയുപി സ്കൂളിലെ എൽ പി വിഭാഗം വിദ്യാർത്ഥികൾ. പതിവ് സ്കൂൾ തല ആഘോഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ കുട്ടികൾ ശിശുദിനത്തെ വരവേറ്റത്. തൊട്ടടുത്തുള്ള അങ്കണവാടികൾ സന്ദർശിച്ച് അവിടുത്തെ കുരുന്നുകൾക്ക് ശിശുദിന ആശംസകളും സമ്മാനങ്ങളും കൈമാറിയാണ് വിദ്യാർത്ഥികൾ മാതൃകയായത്.




വെള്ള വസ്ത്രവും തൊപ്പിയും നെഞ്ചിൽ ചുവന്ന റോസാപ്പൂവുമായി കുട്ടി ചാച്ചാജിമാരുടെ വേഷത്തിലെത്തിയ സ്കൂൾ വിദ്യാർത്ഥികൾ ചിറ്റാരിപ്പിലാക്കൽ, ചക്കാലംകുന്ന്, കാവുങ്ങൽ എന്നീ അങ്കണവാടികളിലാണ് സന്ദർശനം നടത്തിയത്. അങ്കണവാടിയിലെ കുരുന്നുകൾക്ക് കൈനിറയെ സമ്മാനങ്ങളും മധുരവും നൽകിയതിനൊപ്പം, ശിശുദിന ആശംസകൾ നേരുകയും, കുഞ്ഞുങ്ങളെ രസിപ്പിക്കാനായി പാട്ടും ഡാൻസും കുട്ടിപ്രസംഗങ്ങളുമൊക്കെയായി അവർ അങ്കണവാടി മുറ്റം ആഘോഷമാക്കി മാറ്റി.
ചേട്ടന്മാരുടെയും ചേച്ചിമാരുടെയും അപ്രതീക്ഷിത സന്ദർശനവും കലാപരിപാടികളും അങ്കണവാടി കുരുന്നുകൾക്കും ഏറെ കൗതുകവും സന്തോഷവും പകർന്നു. 

കുഞ്ഞുപ്രായത്തിൽ തന്നെ കുട്ടികളിൽ സ്നേഹവും കരുതലും വളർത്തിയെടുക്കാൻ ഇത്തരം സന്ദർശനങ്ങൾ ഏറെ സഹായകമാകുമെന്ന് അധ്യാപകരും അങ്കണവാടി പ്രവർത്തകരും അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris